പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ ഇന്ത്യ : ഹഫീസ് സയീദ്

221

കറാച്ചി. കശ്മീര്‍ വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യന്‍ ചാരസംഘടനയുടെ നീക്കങ്ങളാണ് രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നാണ് സയീദിന്‍റെ ആരോപണം. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും മക്കള്‍ക്കും വിദേശത്ത് നിക്ഷേപമുണ്ടെന്ന പനാമ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ അവിടുത്തെ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഷെരീഫിന്‍റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. പ്രക്ഷോഭകരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി. ഇതിന് പിന്നാലെയാണ് കറാച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തി സയീദ് ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കശ്മീര്‍ വിഷയം അപ്രസക്തമാക്കുമെന്ന് ഹാഫിസ് സയീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭിന്നതകള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. രാജ്യത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള അന്താരാഷ്ട്ര ശക്തികളുടെ നീക്കം തിരിച്ചറിയണമെന്നും സയീദ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അജണ്ടയാണ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നടപ്പാക്കുന്നതെന്ന് പാകിസ്താന്‍ തെഹ് രീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഭരണകൂടവും സൈന്യവും തമ്മില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത ചോര്‍ത്തി നല്‍കിയത് മോദിയുടെ താത്പര്യ പ്രകാരമാണെന്നും പാര്‍ട്ടി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY