ചാന്ദ്രയാന്‍–2 വിക്ഷേപണം മാറ്റി വച്ചു – ഐഎസ‌്‌ആര്‍ഒ

240

തിരുവനന്തപുരം : സാങ്കേതിക തകരാര്‍ മൂലം ചാന്ദ്രയാന്‍–2 വിക്ഷേപണം മാറ്റി വച്ചതായി ഐഎസ‌്‌ആര്‍ഒ അറിയിച്ചു. ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യ വിക്ഷേപണമാണ് അവസാന നിമിഷം മാറ്റിവച്ചത് . പുതുക്കിയ തീയതി പിന്നീട‌് അറിയിക്കും. വിക്ഷേപണ വാഹനമായ ജിഎസ‌്‌എല്‍വി മാര്‍ക്ക‌്–3ലെ ഇന്ധന ചോര്‍ച്ചയാണ‌് അപ്രതീക്ഷിത മാറ്റത്തിന‌് കാരണമായതെന്നാണ‌് സൂചന. ഏറ്റവും സങ്കീര്‍ണമായ ഭാഗത്താണ‌് ചോര്‍ച്ചയുണ്ടായതെന്നും പ്രാഥമിക വിവരം.

ലിക്വിഡ‌് ഹൈഡ്രജന്‍ നിറച്ചശേഷം അരമണിക്കൂറിനുള്ളിലാണ‌് തകരാര്‍ കണ്ടെത്തിയത‌്. ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന‌് മിഷന്‍ ഡയറക്ടര്‍ വിക്ഷേപണം മാറ്റിവക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. എല്ലാം സുഗമമായി മുന്നോട്ടു പോകുന്നതിനിടെയുണ്ടായ തടസം ശ്രീഹരിക്കോട്ടയില്‍ നിരാശ പടര്‍ത്തി. ഞായറാഴ‌്ച രാവിലെ 6.51ന‌് ആരംഭിച്ച 20 മണിക്കൂര്‍ കൗണ്ട‌്ഡൗണാണ‌് വിക്ഷേപണത്തിന‌് ഒരു മണിക്കൂര്‍ മുമ്ബ‌് നിര്‍ത്തിവച്ചത‌്.

തിങ്കളാഴ‌്ച പുലര്‍ച്ചെ 2.51നായിരുന്നു വിക്ഷേപണം നിശ‌്ചയിച്ചിരുന്നത‌്. വിക്ഷേപണത്തിന്റെ പതിനാറാം മിനിട്ടില്‍ പേടകത്തെ ജിഎസ‌്‌എല്‍വി മാര്‍ക്ക‌്–3 ഭൂമിക്ക‌് മുകളിലുള്ള താല്‍ക്കാലിക ഭ്രമണപഥത്തില്‍ എത്തിക്കേണ്ടതായിരുന്നു. സെപ‌്തംബര്‍ 6ന‌് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകത്തെ ഇറക്കാനായിരുന്നു പദ്ധതി. ഇന്ധന ചോര്‍ച്ചയാണെങ്കില്‍ പരിഹരിക്കാന്‍ കാലതാമസം എടുക്കുമെന്നാണ‌് സൂചന. ഇത‌് സംബന്ധിച്ച‌് ഐഎസ‌്‌ആര്‍ഒ വിശദമായ പരിശോധന ആരംഭിച്ചു.

NO COMMENTS