മൂന്നാം സംവാദത്തിലും ഹില്ലരിക്ക് മുന്‍തൂക്കം

189

ട്രംപ് ജയിച്ചാല്‍ അമേരിക്കന്‍ നയങ്ങള്‍ റഷ്യയില്‍ നിന്ന് തീരുമാനിക്കപ്പെടുമെന്ന് ഹില്ലരി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന സ്ഥാനാര്‍ത്ഥി സംവാദം ഇന്ന് ലാസ് വെഗാസില്‍ നടന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണത്തിനായി പണം മുടക്കുന്നത് അമേരിക്കയിലെ തോക്ക് ലോബിയാണെന്ന് മൂന്നാം സംവാദത്തിനിടെ ഹിലരി ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുചിന്റെ പാവയാണ് ട്രംപെന്നും ഹിലരി പറഞ്ഞു.തുറന്ന അതിര്‍ത്തികള്‍ വേണമെന്ന ഹില്ലരിയുടെ പ്രസ്താവന ഡൊണാള്‍ഡ് ട്രംപ് എതിര്‍ത്തു. സുരക്ഷിത അതിര്‍ത്തികളാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കഴിഞ്ഞ രണ്ട് സംവാദങ്ങളിലും മുന്‍തൂക്കം നേടിയ ഹില്ലരിക്ക് തന്നെയായിരുന്നു മൂന്നാം സംവാദത്തിലും മേധാവിത്വം. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന സംവാദത്തില്‍ അമേരിക്കയുടെ സാമ്ബത്തിക സ്ഥിതി, കുടിയേറ്റം, വിദേശ നയം, തീവ്രവാദം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ നിറഞ്ഞുനിന്നു. അനധികൃതമായ കുടിയേറ്റം തടയുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇപ്പോള്‍ രാജ്യത്ത് അനധികൃതമായി കഴിയുന്ന ലക്ഷക്കണക്കിന് പേരെ കണ്ടെത്തി മാതൃരാജ്യങ്ങളിലേക്ക് മടക്കി അയക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് ഹില്ലരി പ്രഖ്യാപിച്ചു. ട്രംപിന് റഷ്യയുമായി ദുരൂഹമായ ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച ഹില്ലരി, ട്രംപ് പുചിന്റെ പാവയാണെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചാല്‍ അമേരിക്കന്‍ നയങ്ങള്‍ റഷ്യയില്‍ നിന്നായിരിക്കും തീരുമാനിക്കപ്പെടുകയെന്ന് ആരോപിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ജനഹിതം മാനിക്കുമോ എന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ ഒരു ഉത്തരം പറഞ്ഞില്ല. അത് കാത്തിരുന്ന് കാണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഈ മറുപടി ട്രംപിനെതിരെ എതിര്‍പക്ഷത്തിന് കിട്ടിയ ആയുധമായി മാറാന്‍ സാധ്യതതയുണ്ട്. സംവാദത്തിന്റെ ആദ്യ ഭാഗത്ത് ട്രംപ് മികച്ച പ്രകടനം കാഴ്ചവെച്ചതെങ്കിലും ആദ്യാവസാനം മേധാവിത്വം നേടാനായത് ഹില്ലരിക്ക് തന്നെയായിരുന്നു.

NO COMMENTS

LEAVE A REPLY