ദുര്‍മന്ത്രവാദം ; കരള്‍രോഗം ബാധിച്ച യുവാവ് 26 ദിവസം മരുന്നും ഭക്ഷണവുമില്ലാതെ മരണപ്പെട്ടു .

266

മഞ്ചേരി: മഞ്ചേരി ചെരണി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിയ്ക്കുന്ന ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍ മരുന്നും ഭക്ഷണവുമില്ലാതെ യുവാവിനെ 26 ദിവസം പീഡിപ്പിച്ചു; മരണകാരണം പുറത്തുവന്നത് സുഹൃത്തിന് അയച്ച സന്ദേശത്തിലൂടെ. കരള്‍രോഗം ബാധിച്ച്‌ മരിച്ച യുവാവിനെ മന്ത്രവാദ ചികിത്സയ്ക്കിടെ ക്രൂരമായി പീഡിപ്പിച്ചെന്ന് വ്യക്തമാക്കുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് യുവാവ് സുഹൃത്തിന് അയച്ച സന്ദേശങ്ങളിലാണ് മന്ത്രവാദികളില്‍ നിന്നുണ്ടായ കൊടിയ പീഡനങ്ങളെക്കുറിച്ച്‌ പറയുന്നത്. മഞ്ചേരി ചെരണി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സിദ്ധനാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇയാള്‍ക്കെതിരേ കേസെടുക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

നിലമ്ബൂര്‍ കരുളായി സ്വദേശിയായ യുവാവാണ് രണ്ട് ദിവസം മുന്‍പ് കരള്‍രോഗം ബാധിച്ച്‌ മരിച്ചത്. 18 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. രോഗബാധിതനായതിനെ തുടര്‍ന്ന് യുവാവ് ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നു. ഇതോടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിരുന്നു. അതിനിടെ ബന്ധുക്കള്‍ യുവാവിനെ നിര്‍ബന്ധിച്ചാണ് വ്യാജസിദ്ധന്റെ അടുത്തേയ്ക്ക് ചികിത്സക്കായി കൊണ്ടുപോയത്. , വയറ്റില്‍ ബാധ കയറിയതാണ് രോഗത്തിന് കാരണമെന്നും അതിനെ ഇല്ലാതാക്കിയാലേ രോഗം മാറുകയുള്ളൂവെന്നുമാണ് മന്ത്രവാദ ചികിത്സകര്‍ പറഞ്ഞത്. ചെരണിക്കു സമീപമുള്ള ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച്‌ മരുന്നും ഭക്ഷണവും നല്‍കാതെ പീഡിപ്പിച്ചു എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ചികിത്സാകേന്ദ്രത്തിലെ ക്വാര്‍ട്ടേഴ്സിലും മറ്റൊരു കെട്ടിടത്തിലുമായി 26 ദിവസമാണ് താമസിപ്പിത്. മരുന്നും ഭക്ഷണവും നല്‍കാതെ ശാരീരികമായി പീഡിപ്പിച്ചു. കഫക്കെട്ട് കൂടി അവശനിലയിലായപ്പോള്‍ മരുന്നിന് യാചിച്ചു. വിശ്വാസത്തെ ബാധിക്കുമെന്നതിനാല്‍ തരില്ലെന്നായിരുന്നു സിദ്ധന്റെ മറുപടി. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിദ്ധനുള്‍പ്പെടെ 3 പേര്‍ ബലം പ്രയോഗിച്ചു പിടികൂടി. ചികിത്സാകേന്ദ്രത്തില്‍ ‘ചെകുത്താന്‍’ എന്നാണു തന്നെ വിളിച്ചിരുന്നതെന്നും യുവാവ് പറയുന്നു.

ഒരു ദിവസത്തെ ചികിത്സയ്ക്ക് 10,000 രൂപയാണ് ഫീസ്. രോഗം മൂര്‍ച്ഛിച്ചതോടെ വീട്ടിലേക്ക് തിരിച്ചയച്ചു. നടക്കാനും ഇരിക്കാനും ശേഷിയുണ്ടായിരുന്ന താന്‍ ശരീരം തളര്‍ന്ന് ക്ഷീണിതനായാണ് തിരിച്ചെത്തിയതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും തന്റെ അനുഭവം വേറെ ആര്‍ക്കും സംഭവിക്കരുതെന്നും ജിദ്ദയിലെ സുഹൃത്തിന് അയച്ച സന്ദേശത്തില്‍ യുവാവ് പറയുന്നു.

NO COMMENTS