ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന് വി എസ്

220

ദുബായ്: ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് വിഎസ് അച്യുതാനന്ദന്‍. ഭൂമിയിടപാടില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വിഎസ് അബുദാബിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രിയും എല്‍ഡിഎഫ് സര്‍ക്കാരും പ്രതിസന്ധിയിലായിരിക്കെയാണ് രൂക്ഷ വിമര്‍ശനവുമായി ഭരണ പരിഷ്‌ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ രംഗതെത്തിയത്. ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് കൂടിയായ വിഎസ് പറഞ്ഞു.
ലോ അക്കാദമി ഭൂമി പ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ ഒരന്വേഷണവും നടത്താന്‍ തയ്യാറാവില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോള്‍ അന്വേഷണത്തിന് തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. റവന്യൂ മന്ത്രിക്ക് താന്‍ നല്‍കിയ രണ്ടു കത്തിലും നടപടി ഉണ്ടായില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും വി എസ് അബുദാബിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍ക്കാര്‍ ഭൂമി ആരു കൈയ്യടക്കിയാലും അതു തിരിച്ചെടുക്കണം. ഇത് സര്‍ക്കാരിന്റെ പ്രാഥമിക ചുമതലയാണെന്നും വിഎസ് ഓര്‍മിപ്പിച്ചു. ലോ അക്കാദമി വിഷയത്തില്‍ മുന്നണിക്കകത്തു നിന്നു തന്നെ മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ വിമര്‍ശനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ വിഎസിന്റെ പ്രതികരണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കും.

NO COMMENTS

LEAVE A REPLY