വീട്ടിലും ഓഫീസിലും ഉടക്കി വിഎസ്; പദവി ഏറ്റെടുക്കുന്നില്ല

163

തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മീഷൻ ചെയര്‍മാനായി വിഎസിനെ നിയമിച്ച് ഉത്തരവിറങ്ങിയെങ്കിലും പദവി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിൽ. ഔദ്യോഗിക വസതിയും ഓഫീസും സംബന്ധിച്ച തര്‍ക്കം തീരാത്തതാണ് പ്രധാന പ്രശ്നം.
വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്കാര കമ്മീഷൻ ചെയര്‍മാനായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് കഴിഞ്ഞ ശനിയാഴ്ചയാണ്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ വിഎസിന്‍റെ വീട്ടിലെത്തിയാണ് ഉത്തരവ് കൈമാറിയത്. പൊതുഭരണ വകുപ്പ് വിഎസിന് ഔദ്യോഗിക വസതിയായി അനുവദിച്ചത് നിലവിൽ ഒഴിഞ്ഞുകിടക്കുന്ന തൈക്കാട് ഹൗസ്.
എതിര്‍പ്പുണ്ടെങ്കിൽ കവടിയാര്‍ ഹൗസും പരിഗണിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാലും ഇതുരണ്ടുമല്ല, അടുത്തിടെ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിക്ക് വേണ്ടി നവീകരിച്ച സുമാനുഷം എന്ന വീട് തന്നെ വേണമെന്നാണ് വിഎസിന്‍റെ ആവശ്യം. ഇതാകട്ടെ അടുത്തിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുവദിക്കുകയും ചെയ്തു. മാത്രമല്ല മുൻചീഫ് സെക്രട്ടറി ജിജി തോംസണ്‍ ലക്ഷങ്ങൾ മുടക്കി അനാവശ്യ അറ്റകുറ്റപണി നടത്തിയെന്ന പരാതി ഇതെ വീടിനെ കുറിച്ച് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ഉന്നയിക്കുകയും ചെയ്തിരുന്നു.
സെക്രട്ടേറിയറ്റിൽ പഴയ നിയമസഭാ മന്ദിരത്തിന് പുറകിലുള്ള മുൻമന്ത്രി അടൂര്‍ പ്രകാശിന്‍റെ ഓഫീസ് അറ്റകുറ്റ പണി പൂര്‍ത്തിയാക്കി വിഎസിന് നൽകാനും ആലോചനയുണ്ട്. എന്നാൽ പുതിയ സെക്രട്ടേറിയറ്റ് അനക്സ് കെട്ടിടത്തിൽ തന്നെ ഓഫീസ് വേണമെന്നാണ് വിഎസിന്‍റെ താൽപര്യം.
ഇരട്ടപദവി നിയമത്തിലെ ഭേദഗതി അടക്കം കടന്പകൾ കടന്ന് ക്യാബിനറ്റ് പദവിയുള്ള ഭരണ പരിഷ്കാര കമ്മീഷൻ ഉത്തരവിറങ്ങിയെങ്കിലും ഔദ്യോഗിക വസതിയിലും ഓഫീസിലും ഉടക്കി നിയമനം നീണ്ടുപോകുന്ന അവസ്ഥയെന്ന് ചുരുക്കം.

NO COMMENTS

LEAVE A REPLY