വസന്തോത്സവത്തിനു സുരക്ഷയൊരുക്കാൻ പൊലീസിന്റെ ‘പറക്കും കണ്ണുകൾ’

169

തിരുവനന്തപുരം : കനകക്കുന്നിൽ നടക്കുന്ന വസന്തോത്സവം പുഷ്പമേള കാണാനെത്തുന്നവർ ധൈര്യമായിരിക്കൂ.. നിങ്ങൾക്കു മുകളിൽ പൊലീസിന്റെ പറക്കും കണ്ണുകൾ സുരക്ഷയൊരുക്കുന്നുണ്ട്. പല കോണിലായി ഘടിപ്പിച്ചിട്ടുള്ള 24 സുരക്ഷാ ക്യാമറകൾക്കു പുറമേയാണ് ഡ്രോൺ ക്യാമറകളും സന്ദർശക സുരക്ഷയ്ക്കായി പോലീസ് സജ്ജീകരിച്ചിരിക്കുന്നത്. കനകക്കുന്ന് പരിസരത്ത് പ്രവർത്തിക്കുന്ന പ്രത്യേകം പൊലീസ് കൺട്രോൾറൂമിലാണ് സുരക്ഷാ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത്.

പുഷ്പമേളയ്ക്ക് ദിനംപ്രതി തിരക്ക് വർധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയത്. ക്യാമറ പകർത്തുന്ന ദൃശ്യങ്ങൾ പ്രധാന കവാടത്തോടു ചേർന്നുള്ള കൺട്രോൾ റൂമിൽ ദൃശ്യമാകും. ഇത് നിരീക്ഷിക്കാൻ പ്രത്യേകം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലും സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിലും കാര്യമായ വർധനവ് വരുത്തിയിട്ടുണ്ട്.

80 പോലീസുകാരെയാണ് കനകക്കുന്നിലും പരിസരത്തും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഇവർക്കു പുറമേ 10 മെയിൽ ഷാഡോ പൊലീസും അഞ്ചു വനിതാ ഷാഡോ പൊലീസുമുണ്ട്. വസന്തോത്സവത്തിന് വനിതകളുടെ സാന്നിദ്ധ്യം വർധിക്കുന്നതിനാൽ വനിതാ പൊലീസുകാരെ ഉൾക്കൊള്ളിച്ച് പ്രത്യേകം മൂവിംഗ് പെട്രോളിംഗ് സംഘത്തെയും സജ്ജമാക്കിക്കഴിഞ്ഞു.

കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ ദിൻരാജിന്റെ നേതൃത്വത്തിലാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. രാവിലെ ഒൻപതു മുതൽ രാത്രി 10 രണ്ടു ഷിഫ്റ്റായാണ് പ്രവർത്തനം. തിരക്കേറുന്നുണ്ടെങ്കിലും സുരക്ഷ സംബന്ധിച്ച് സന്ദേർശകർക്ക് ഒരുതരത്തിലുള്ള അസൗകര്യങ്ങളും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് മ്യൂസിയം സി.ഐ. കെ.എസ്. പ്രശാന്ത് പറഞ്ഞു. മ്യൂസിയം എസ്.ഐ. ജി. സുനിലും വേണ്ട നിർദേശങ്ങൾ നൽകി ഒപ്പമുണ്ട്.

NO COMMENTS