പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി അന്തരിച്ചു

266

തിരുവനന്തപുരം: പ്രശസ്ത ഡബ്ബിംഗ് കലാകാരി ആനന്ദവല്ലി (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അന്തരിച്ച സംവിധായകന്‍ ദീപന്‍ മകനാണ്. 1992-ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിന് ശബ്ദം നല്‍കിയതിന് സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ചിരുന്നു.

ഡബ്ബിംഗ് മേഖലയിലെ നിറസാന്നിധ്യമായിരുന്ന ആനന്ദവല്ലി മൂവായിരത്തോളം സിനിമകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഇടയ്ക്ക് ചില പരന്പരകളിലും സിനിമകളിലും അഭിനയത്തിലൂടെയും സാന്നിധ്യമറിയിച്ചു. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നായിക പൂര്‍ണിമ ജയറാമിന് ശബ്ദം നല്‍കിയാണ് ചലച്ചിത്ര ലോകത്ത് എത്തിയത്. പിന്നീട് നാല് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ആനന്ദവല്ലി.

കൊല്ലം ജില്ലയിലെ വെളിയം സ്വദേശിനിയായ ആനന്ദവല്ലി കഥാപ്രസംഗത്തിലൂടെയാണ് കലാലോകത്ത് എത്തിയത്. പിന്നീട് നാടകത്തിലേക്ക് ചുവടുമാറ്റിയ അവര്‍ കെപിഎസി പോലുള്ള നിരവധി പ്രശസ്ത സമിതികള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആദ്യകാലത്ത് വളരെ തിരക്കുള്ള നാടക നടിയായിരുന്ന ആനന്ദവല്ലി ഡബ്ബിംഗ് മേഖലയില്‍ ശോഭിച്ചതോടെയാണ് പ്രശസ്തയായത്.

മലയാളത്തിലെ ബഹുഭൂരിപക്ഷം നടിമാര്‍ക്കും ആനന്ദവല്ലി ശബ്ദം നല്‍കിയിട്ടുണ്ട്. 1980-90 വര്‍ഷങ്ങളില്‍ വെള്ളിത്തിരയില്‍ എത്തിയ ചിത്രങ്ങളിലെ നായികമാരില്‍ ഭൂരിഭാഗത്തിനും ശബ്ദം നല്‍കിയത് ആനന്ദവല്ലിയായിരുന്നു. പഞ്ചാഗ്നിയില്‍ നടി ഗീതയ്ക്ക് ശബ്ദം നല്‍കിയത് ഏറെ പ്രശംസ പിടിച്ചുപറ്റി. കന്മദം എന്ന ചിത്രത്തിലെ മുത്തശ്ശിക്കും ശബ്ദം നല്‍കിയത് ആനന്ദവല്ലിയാണ്.

കലാരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വെളിയം ചന്ദ്രനായിരുന്നു ഭര്‍ത്താവ്. വിവാഹത്തിന് ശേഷമാണ് ആനന്ദവല്ലി ഡബ്ബിംഗ് ലോകത്ത് പ്രശസ്തയായത്. മകന്‍ ദീപന്‍റെ മരണം അവരെ തളര്‍ത്തിയിരുന്നെങ്കിലും വീണ്ടും കലാലോകത്ത് മടങ്ങിയെത്തിയിരുന്നു. ദീര്‍ഘകാലമായി വിവിധ രോഗങ്ങള്‍ക്ക് ആനന്ദവല്ലി ചികിത്സയിലായിരുന്നു.

NO COMMENTS