കുമ്പള ഹയര്‍സെക്കന്‍ഡറിക്ക് മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം തറക്കല്ലിടല്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.

21

കുമ്പള ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബിയിലൂടെ മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം വരുന്നു. ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, പൊതുവിദ്യാഭ്യസ ഡയറക്ടര്‍ ജീവന്‍ ബാബു, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സംബന്ധിച്ചു. എംസി ഖമറുദ്ദീന്‍ എംഎല്‍എ ശിലാഫലകം അനാഛാദനം ചെയ്തു.

മൂന്ന് നിലയില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തില്‍ 15 ക്ലാസ് മുറികളാണ് ഉണ്ടാവുക. മൂന്ന് നിലയിലും ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഹൈസ്‌കൂള്‍ വിഭാഗത്തിന് വേണ്ടി ഈ ക്ലാസുകള്‍ ഉപയോഗപ്പെടുത്തും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ 50 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച കെട്ടിടം എം സി ഖമറുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുതായി സ്ഥാപിച്ച സോളാര്‍ പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ഉദ്ഘാടനം ചെയ്തു.

പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ നവീകരിച്ച സ്‌കൂള്‍ അടുക്കള യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. മൂന്ന് നിലയിലായി ആറു ക്ലാസ്റൂമുകളാണ് ഈ കെട്ടിടത്തിലുള്ളത്. ഇതില്‍ ലൈബ്രറിയും ലാബും തയ്യാറാക്കിയിട്ടുണ്ട്. 1958ല്‍ സ്ഥാപിതമായ സ്‌കൂളില്‍ നിലവില്‍ 1998 വിദ്യാര്‍ത്ഥി കളാണുള്ളത്. മലയാളം, ഇംഗ്ലീഷ്, കന്നഡ മീഡിയങ്ങളിലാണ് പഠനം നടന്നു വരുന്നത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ടരികാക്ഷ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ ഫരീദ സക്കീര്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ എ കെ ആരിഫ്, ബ്ലോക്ക് അംഗം സത്യശങ്കര ഭട്ട്, പഞ്ചായത്ത് അംഗം രമേശ് ഭട്ട്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ഡിഇഒ എന്‍ ന്ദികേശന്‍, പൊതു വിദ്യാഭ്യാസം ജില്ലാ കോഡിനേറ്റര്‍ ദിലീപ് കുമാര്‍, കുമ്പള ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ കെ പി ഗിരീഷന്‍, പ്രധാനാധ്യാപിക ലിന്റമ്മ ജോണ്‍, പിടിഎ പ്രസിഡന്റ് അഹമ്മദലി കുമ്പള, പിടിഎ വൈസ് പ്രസിഡന്റുമാരായ കൊഗ്ഗു, യൂസുഫ് ഉളുവാര്‍, സ്റ്റാഫ് സെക്രട്ടറി വി കെ വി രമേശന്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി ഉമ, മുന്‍ പിടിഎ പ്രസിഡന്റുമാരായ അഷ്റഫ് ബായാര്‍, സുരേഷ് റാവു, ഫാറൂഖ് ഷിറിയ, മുഹമ്മദ് ആനബാഗിലു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രഘുദേവന്‍ മാസ്റ്റര്‍, ജയറാം ബള്ളംകൂടല്‍, അഷ്റഫ് കൊടിയമ്മ, മഞ്ചുനാഥ ആള്‍വ, സുധാകര കാമത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ പൊതുവിദ്യാലയങ്ങളെ ഉന്നതിയിലെത്തിച്ചു: മുഖ്യമന്ത്രി

ഇല്ലായ്മകളില്‍ പ്രതിസന്ധിയിലായിരുന്ന പൊതുവിദ്യാലയങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മികച്ച നിലയി ലേക്കെത്തിയെന്നും ഇത് സര്‍ക്കാര്‍ വിദ്യാലയങ്ങളെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുമ്പള ജിഎച്ച്എസ്എസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനമുള്‍പ്പെടെ സംസ്ഥാനത്തെ 46 കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാഭ്യാസ മേഖലയിലുണ്ടാവുന്ന വലിയ കുതിച്ചുചാട്ടത്തിന്റെ തെളിവാണ് നിര്‍മാണം പൂര്‍ത്തീകരിച്ചവയുടെ ഉദ്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളും.

കേരളീയ സമൂഹത്തിന്റെ പ്രധാനപരിഗണനയാണ് വിദ്യാഭ്യാസം. എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നത് തങ്ങളുടെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്നാണ്. നാലരവര്‍ഷം മുമ്പ് പൊതുവിദ്യാലയങ്ങളെ കുറിച്ച് സമൂഹത്തിന് വലിയ ആശങ്കയുണ്ടായിരുന്നു. നാട്ടിലുണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് സ്‌കൂളുകള്‍ക്കും പരിസരങ്ങള്‍ക്കും മാറ്റമുണ്ടായിരുന്നില്ല. ഇത് വസ്തുതാപരമായ പരാതിയായിരുന്നു. പല സ്വകാര്യസ്‌കൂളുകളും ആധുനിക സൗകര്യങ്ങളോടെ നിലനില്‍ക്കുമ്പോള്‍ പൊതുവിദ്യാലയങ്ങള്‍ പരിതാപകരമായ അവസ്ഥയിലായിരുന്നു. ഇതിനാണ് വലിയ തോതില്‍ മാറ്റം വന്നിരിക്കുന്നത്.

സ്വകാര്യമേഖലയോട് കിടപിടിക്കാവുന്ന നിലയിലേക്ക് പൊതുവിദ്യാലയങ്ങളെത്തി. പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ രീതിയില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ സാധിച്ചു. രക്ഷിതാക്കള്‍ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ചേര്‍ക്കാന്‍ ആവേശത്തോടെ മുന്നോട്ട് വരുന്നു. വിദ്യാര്‍ത്ഥികളുെട കൊഴിഞ്ഞുപോക്കില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ വര്‍ധനയായി സമൂഹത്തിന്റെ ചര്‍ച്ച.

വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി മാറാന്‍ കഴിഞ്ഞു. അക്കാദമികരംഗത്തും വലിയ മുന്നേറ്റമാണ് നാമുണ്ടാക്കിയത്. നീതി ആയോഗിന്റെ പഠനത്തില്‍ ലഭിച്ച ഒന്നാം സ്ഥാനം ഇതിന്റെ പ്രത്യക്ഷ തെളിവാണ്. ഇത് നിലനിര്‍ത്തി കൂടുതല്‍ മുന്നോട്ട് പോവേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളിലൂടെ മതനിരപേക്ഷതയാണ് പ്രചരിക്കപ്പെടുന്നത്. ഇത് ജനാധിപത്യസംവിധാനത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

3683 കോടി രൂപ ചെലവില്‍ 2004 സ്‌കൂളുകള്‍ വികസിപ്പിച്ചു : മന്ത്രി ഡോ. തോമസ് ഐസക്ക്

പൊതുവിദ്യാഭ്യാസ മേഖലയെ സ്വകാര്യ മേഖലയെക്കാക്കാളും മികച്ചതാക്കണമെന്നത് സര്‍ക്കാരിന്റെ വാശിയാണെന്നും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ 3683 കോടി രൂപ ചെലവില്‍ 2004 വിദ്യാലയങ്ങളെയാണ് വികസിപ്പിച്ചതെന്നും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. കുമ്പള ജിഎച്ച്എസ്എസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനമുള്‍പ്പെടെ സംസ്ഥാനത്തെ 125 പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളില്‍ നടക്കുന്ന നവീകരണപ്രക്രിയയുടെ ചെറിയ ഭാഗം മാത്രമാണ് പുറത്ത് വരുന്നത്.

ആസ്തി വികസനം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഫിഷറീസ് വകുപ്പിന്റെ തീരദേശ സ്‌കൂളുകള്‍, പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പുകളുടെ എംആര്‍എസ് സ്‌കൂളുകള്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കീഴില്‍ വിവിധ തരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വാസ്തവത്തില്‍ കേരളത്തില്‍ കെട്ടിടനവീകരണം നടക്കാത്ത ഒരു സ്‌കൂളും ബാക്കിയുണ്ടാവില്ല. പാഠ്യപ്രവര്‍ത്തനങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.

സമൂഹത്തിന്റെ പിന്തുണയോടെയാണ് ഈ അസൂയാര്‍ഹമായ നേട്ടം കൈവരിച്ചത്. വിദ്യാലയങ്ങളുടെ വികസനത്തിന് വന്‍ പൊതുജന പങ്കാളിത്തമാണ് ലഭിച്ചത്. കോവിഡ് കാലം കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കും. ആ സമയത്ത് അഞ്ച് ലക്ഷം എന്നത് മാറി ആറുലക്ഷം കുട്ടികള്‍ ടിസി വാങ്ങിച്ച് പൊതുവിദ്യാഭ്യാസ മേഖലയില്‍ വരുമെന്ന് പറയാനാണ് ആവേശപൂര്‍വം കാത്തിരിക്കുന്നത്. ഇത്രയയും കൂടുതല്‍ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയത്തിലേക്ക് വിശ്വസിച്ചേല്‍പ്പി ക്കുന്നത് സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS