ഒരു കിക്കാസ് പോയാൽ ഒരായിരം ടോറന്റ്സ് വരും

212

കഴിഞ്ഞ ദിവസം ഓൺലൈൻ ലോകത്ത് ഏറെ ചർച്ച ചെയ്ത വാർത്തയായിരുന്നു കിക്കാസ് ടോറന്റ്സ് പൂട്ടിയത്. അനധികൃതമായി സിനിമ, മ്യൂസിക്, മറ്റു ഫയലുകൾ ഡൗൺലോഡിങ് അനുവദിച്ചിരുന്ന കിക്കാസ് ദിവസങ്ങൾക്ക് മുൻപാണ് പൂട്ടിയത്. എന്നാൽ ഒന്നു പൂട്ടിയെങ്കിലും സമാനമായ ആയിരകണക്കിന് ടോറന്റ് വെബ്സൈറ്റുകളാണ് ഇപ്പോൾ ഓൺലൈൻ ലോകത്തുള്ളത്.

കിക്കാസിന്റെതിന് സമാനമായ രൂപത്തിലുള്ള ടോറന്റ് വെബ്സൈറ്റുകളെ കുറിച്ച് വിദേശ മാധ്യമങ്ങളിൽ വാർത്തവരെ വന്നിരുന്നു. ഒന്നിൽ കൂടുതൽ രാജ്യങ്ങളിൽ ക്ലൗഡ് സർവറുകൾ സ്ഥാപിച്ചാണ് ഇത്തരം സൈറ്റുകൾ പ്രവർത്തിക്കുന്നത്. ടോറന്റ് സൈറ്റുകളുടെ മൊബൈൽ പതിപ്പ് വരെ വൻ ഹിറ്റാണ്.

ലോകം ഒന്നടങ്കം കരുതിയാലും വിവിധ ഭാഷകളിൽ പ്രവർത്തിക്കുന്ന ടോറന്റ് സൈറ്റുകളെ നിയന്ത്രിക്കാൻ കഴിയില്ല. കുറഞ്ഞ ചെലവിൽ അത്യാധുനിക ക്ലൗഡ് സർവറുകൾ ലഭ്യമായതിനാൽ നിരവധി ചെറുകിട ടോറന്റ് വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.

ടോറന്റ് സൈറ്റുകൾക്ക് ഏറ്റവും കൂടുതൽ സന്ദർശകരുള്ളതും ഇന്ത്യയിലാണ്. കിക്കാസ് പൂട്ടുമ്പോൾ kat.cr എന്ന വെബ്സൈറ്റിന്റെ ലോക റാങ്കിങ് 54 വും, ഇന്ത്യയിലെ റാങ്കിങ് 13 വും ആയിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് കിക്കാസിന് ലഭിച്ചത് 253.5 ദശലക്ഷം വിസിറ്റാണ്. അതായത് ശരാശരി 8.4 കോടി പേർ ഇന്ത്യയിൽ നിന്ന് സ്ഥിരമായി കിക്കാസിൽ സന്ദർശനം നടത്തുന്നു.

കിക്കാസിന്റെ മൊത്തം വിസിറ്റിന്റെ 24.6 ശതമാനം ഇന്ത്യയിൽ നിന്നാണ്. എന്നാൽ അമേരിക്കയിൽ നിന്ന് കേവലം 14 ശതമാനം, പാക്കിസ്ഥാൻ (3.1 ശതമാനം), ഓസ്ട്രേലിയ (2.9 ശതമാനം), കനഡ( 2.8 ശതമാനം) എന്നിങ്ങനെ പോകുന്നു കണക്കുകൾ.

രാജ്യത്തെ സിനിമ, മ്യൂസിക് മേഖലയ്ക്ക് തന്നെ കിക്കാസ് വലിയൊരു ഭീഷണിയായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം പ്രേമവും ദൃശ്യവും കോടികളാണ് കിക്കാസിൽ നിന്ന് ഡൗൺലോഡ് ചെയ്തത്. ബോളിവുഡിലെ ചില ചിത്രങ്ങൾ റിലീസിന് മുൻപെ കിക്കാസിൽ വന്നിരുന്നു. ഉഡ്ത പഞ്ചാബ് ജൂൺ 15 നാണ് കിക്കാസിൽ വന്നത്. ജൂണ്‍ 24 ആയപ്പോഴേക്കും ഉഡ്ത പഞ്ചാബ് ഡൗൺലോഡ് ചെയ്തത് 916,443 തവണയാണ്. ഇതേ ചിത്രം ഓൺലൈൻ വഴി അനധികൃതമായി കണ്ടത് 1.63 ദശലക്ഷം പേരാണ്.

എന്നാൽ കിക്കാസ് പൂട്ടിയെങ്കിലും ഇത്തരം സൈറ്റുകളുടെ പ്രവർത്തനം അവസാനിക്കാൻ പോകുന്നില്ല. നിരവധി ടോറന്റ് വെബ്സൈറ്റുകൾ ഇപ്പോഴും സജീവമാണ്.

NO COMMENTS

LEAVE A REPLY