തുടർച്ചയായി വാഹനങ്ങളുടെ ശബ്ദം കേൾക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കുമെന്നു പഠനം

249

തിരക്കുള്ള റോഡുകളുടെ അരികിൽ താമസിക്കുന്നവരുടെ ശ്രദ്ധയ്ക്ക്… തുടർച്ചയായി വാഹനങ്ങളുടെ ശബ്ദം കേൾക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കുമെന്നു പഠനം. വാഹനങ്ങളുടെയും ട്രെയിനിന്റെയും ശബ്ദമാണ് വിമാനങ്ങളുടെ ശബ്ദത്തെക്കാൾ രോഗസാധ്യത കൂട്ടുന്നത്. വിമാനങ്ങളുടെ ശബ്ദം രോഗസാധ്യത കൂട്ടാത്തതിനു കാരണമായി ഗവേഷകർ പറയുന്നത്, അത് റോഡ്– റെയിൽ ഗതാഗത ശബ്ദം പോലെ തുടർച്ചയായി 65 ഡെസിബലിനു മുകളിൽ പോകില്ല എന്നതാണ്.

40 വയസു കഴിഞ്ഞ പത്തുലക്ഷത്തോളം ജർമൻകാരിൽ, ജർമനിയിലെ ദ്രെസ്ദെൻ സർവകലാശാലയിലെ ആന്ദ്രിയാസ് സെയ്ഡറിന്റെ നേതൃത്വത്തിലാണു പഠനം നടത്തിയത്. റൈൻ മെയ്ൻ പ്രവിശ്യയിൽ താമസിക്കുന്നവരിൽ റെയിൽ, റോഡ് ഗതാഗത ശബ്ദങ്ങളും രോഗസാധ്യതയും തമ്മിൽ ബന്ധമുണ്ടോ എന്നു പരിശോധിച്ചു.

2014–15 കാലയളവിൽ ഹൃദ്രോഗംമൂലം മരിച്ചവരുടെ വിവരങ്ങൾ മാത്രം അപഗ്രഥിച്ചപ്പോൾ ശബ്ദങ്ങളും ഹൃദ്രോഗസാധ്യതയും തമ്മിൽ ബന്ധമുണ്ടെന്നു കണ്ടു. ശബ്ദമലിനീകരണം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നു തെളിഞ്ഞതിനാൽ ഇതു തടയാൻ അടിയന്തര നടപടികൾ എടുക്കണമെന്നു ഗവേഷകർ പറയുന്നു. ഡച്ചസ് അസെബ്ലാറ്റ് ഇന്റർനാഷണൽ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഉയർന്ന ശബ്ദവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തെപ്പറ്റി ഇതിനുമുമ്പും പഠനങ്ങളുണ്ടായിട്ടുണ്ട്. 60 ഡെസിബലിനു മുകളിലുള്ള ശബ്ദവും പക്ഷാഘാതവും തമ്മിൽ ബന്ധമുണ്ടെന്ന് ബ്രിട്ടിഷ് ഗവേഷകർ കണ്ടെത്തിയിരുന്നു.

വാഹനശബ്ദം തുടർച്ചയായി കേൾക്കുന്നത് മാനസികവും ശാരീരികവുമായ സമ്മർദം കൂട്ടുന്നു. ഉയർന്ന ശബ്ദം ആവർത്തിച്ചു കേൾക്കുന്നത് ഉറക്കത്തെ ബാധിക്കും. ഇത് നമ്മുടെ ഊർജ്ജസ്വലത ഇല്ലാതാക്കും. മനുഷ്യനും പരിസ്ഥിതിക്കും ശബ്ദമലിനീകരണം ദോഷം ചെയ്യും.

NO COMMENTS

LEAVE A REPLY