മാനഭംഗത്തിനിരയായ 10 വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചു

175

ന്യൂഡല്‍ഹി: മാനഭംഗത്തിനിരയായ പത്തു വയസുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗര്‍ഭസ്ഥ ശിശുവിന് 32 ആഴ്ച പ്രായമായ സാഹചര്യത്തിലാണിത്. ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലയളവ് പെണ്‍കുട്ടി പിന്നിട്ടതായി കോടതി നിരീക്ഷിച്ചു. ഗര്‍ഭച്ഛിദ്രം നടത്തുന്നത് പെണ്‍കുട്ടിയുടേയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ ആരോഗ്യത്തിന് നല്ലതല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയ്ക്ക് ലഭിച്ചിരുന്നു.നിലവില്‍ പെണ്‍കുട്ടിക്ക് ലഭ്യമാക്കിയിട്ടുള്ള ചികിത്സാ സൗകര്യങ്ങളിലും ആരോഗ്യ പരിരക്ഷയിലും തൃപ്തി അറിയിച്ച സുപ്രീം കോടതി, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
ഇത്തരം കേസുകള്‍ സുപ്രീം കോടതിയില്‍ നിരന്തരം എത്തുന്ന സാഹചര്യത്തില്‍ ഓരോ സംസ്ഥാനത്തും ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ രൂപവത്ക്കരിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിനോട് കോടതി നിര്‍ദ്ദേശിച്ചു. ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിയുള്ള ഹര്‍ജി ചണ്ഡീഗഡിലെ ജില്ലാകോടതി തള്ളിയതിനെത്തുടര്‍ന്നാണ് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്ത പക്ഷം, 20 ആഴ്ച പ്രായം വരെ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതികള്‍ അനുവാദം നല്‍കാറുള്ളൂ.

NO COMMENTS