അഞ്ചു വാർഡുകളിൽ കർശന ലോക്ഡൗൺ; ഒമ്പതു പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ

42

പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ എട്ടു ശതമാനത്തിനു മുകളിലുള്ള ജില്ലയിലെ അഞ്ചു തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 35, 36 വാർഡു കളിലും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ 24, 32, 40 വാർഡുകളിലുമാണു സമ്പൂർണ ലോക്ഡൗൺ ഏർപ്പെടു ത്തിയത്. 11 ഓഗസ്റ്റ് അർധരാത്രി മുതൽ നിയന്ത്രണങ്ങൾ നിലവിൽവരുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെ 35, 36 വാർഡുകളിൽ യഥാക്രമം 8.1, 20.17 വീതമാണു പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 24-ാം വാർഡിൽ 10.29, 32-ാം വാർഡിൽ 9.45, 40-ാം വാർഡിൽ 11.02 എന്നിങ്ങനെയുമാണ് പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ. ഈ പ്രദേശങ്ങളിൽ അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെ അവശ്യ സർവീസുകൾക്ക് പ്രവർത്തിക്കാം.

രോഗവ്യാപനം ഉയർന്നതിനെത്തുടർന്നു ജില്ലയിലെ ഒമ്പതു പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ വെട്ടുകാട്, മെഡിക്കൽ കോളജ് വാർഡുകൾ, വർക്കല മുനിസിപ്പാലിറ്റിയിലെ 6, 23 വാർഡുകൾ, നന്ദിയോട് പഞ്ചായത്തിലെ അഞ്ചാം വാർഡ്, പുളിമാത്ത് പഞ്ചായത്തിലെ മൂന്നാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ 32-ാം ഡിവിഷനിലെ രാധാകൃഷ്ണാ ലെയിൻ, 84-ാം ഡിവിഷനിലെ യത്തീംഖാന റോഡ് മുതൽ അസീസ് നഗർ വരെയുള്ള ഭാഗം, വർക്കല മുനിസിപ്പാലിറ്റിയിലെ 27-ാം ഡിവിഷനിലെ വാത്സല്യം ഓൾഡ് ഏജ് ഹോം പ്രദേശം എന്നിവ മൈക്രോ കണ്ടെയ്ൻമെന്റ് സോണായുമാണു പ്രഖ്യാപിച്ചത്.

ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ, പാൽ, പാൽ ഉത്പന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങൾക്കുള്ള ഭക്ഷ്യസാധനങ്ങൾ, കാലിത്തീറ്റ, കോഴിത്തീറ്റ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്കു മാത്രമേ ഇവിടെ പ്രവർത്തനാനുമതിയുണ്ടാകൂ. രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ ഇവ തുറക്കാം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽമ ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ തുറക്കാം. റസ്റ്ററന്റുകളും ഹോട്ടലുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ഡൈൻ-ഇൻ, ടേക്ക് എവേ, പാഴ്സൽ തുടങ്ങിയവ അനുവദിക്കില്ല.

പൊതുജനങ്ങൾ പരമാവധി വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങണം. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടുന്നതല്ലാത്ത എല്ലാ കടകളും അടച്ചിടും. ചന്തകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ ഡെലിവറിക്കായി രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ പ്രവർത്തിക്കാം. കണ്ടെയ്ൻമെന്റ് സോൺ ശക്തമായ പൊലീസ് നിയന്ത്രണത്തിലായിരിക്കുമെന്നും കളക്ടർ അറിയിച്ചു.

പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ താഴ്ന്നതിനെത്തുടർന്ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെ മേലാറ്റിങ്ങൽ വാർഡിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടർന്ന് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലെതന്നെ ആലംകോട്, പാലസ് എന്നീ വാർഡുകളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളും പിൻവലിച്ചതായി കളക്ടർ അറിയിച്ചു.

NO COMMENTS