സൗദിയില്‍ ചാരപ്രവര്‍ത്തന കുറ്റത്തിന് 15 പേര്‍ക്ക് വധശിക്ഷ

202

റിയാദ്: സൗദിയില്‍ ചാരപ്രവര്‍ത്തന കുറ്റത്തിന് 15 പേര്‍ക്ക് വധശിക്ഷ നല്‍കാന്‍ റിയാദ് കോടതി ഉത്തരവിട്ടു. ഇറാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കൂടാതെ മറ്റ് 15 പേര്‍ക്ക് 25 വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇറാന്‍ ചാര സംഘടനക്ക് സൗദിയുടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ വിവരം കൈമാറിയ കേസില്‍ കുറ്റം തെളിയിക്കപ്പെട്ട പ്രതികളില്‍ 15 പേര്‍ക്കാണ് സൗദിയിലെ പ്രത്യേക ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്. അഫ്ഗാനിയും ഇറാനിയും അടക്കം രണ്ട് വിദേശികളും 30 സൗദികളും അടക്കം മൊത്തം 32 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
15 പ്രതികള്‍ക്ക് കോടതി വധശിക്ഷ നല്‍കിയപ്പോള്‍ 15 പേര്‍ക്ക് 25 വര്‍ഷവും 6 മാസവും തടവ് ശിക്ഷ വിധിച്ചു.

ആരോപണ വിധേയരായ രണ്ടുപേരെ കോടതി വെറുതെ വിടുകയും ചെയ്തു. പ്രതികള്‍ക്കെതിരെ നിരവധി കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. ഇറാന്‍ രഹസൃാന്വേഷണ വിഭാഗവുമായി സഹകരിച്ചു രാജ്യത്ത് ചാര സംഘടനക്ക് രൂപം നല്‍കി. രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന സൈനിക രംഗത്തുള്ള അതീവ ഗൗരവമുള്ള രഹസ്യ വിവരങ്ങള്‍ ഇറാന്‍ ചാര സംഘടനക്ക് കൈമാറി.
ചാര പ്രവര്‍ത്തനത്തില്‍ വൈദഗ്ദൃം നേടുന്നതിനായി ഇറാന്‍, ലബനോന്‍ എന്നീ രാജൃങ്ങളില്‍ ചെന്ന് പ്രത്യേക പരിശീലനം നേടി. പ്രത്യേക പരിശീലനത്തില്‍ രഹസ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനും അയക്കുന്നതിനും ഇറാന്‍ ചാര സംഘടനയുടെ പ്രത്യേക ‘കോഡ് ഭാഷ’ പരിശീലിക്കുകയും ചെയ്തു തുടങ്ങിയ രാജ്യത്തിന്റെ സമാധാനത്തിന് ഭീഷണിയാവുന്ന കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ക്ക് പങ്കുള്ളതായി കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി ഇന്ന് 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. അതേസമയം കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ 182 ഭീകരാക്രമണത്തിന് സൗദി ഇരയായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കിയാണ് ഇക്കാരൃം അറിയിച്ചത്. ഭീകരാക്രമണത്തിന്റെ ഫലമായി 1147 ഓളം പേര്‍ക്ക് സൗദിയില്‍ ജീവന്‍ ബലികഴിക്കേണ്ടിവരികയൊ പരിക്കേല്‍ക്കുകയൊ ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുകയൊ പരിക്കേല്‍ക്കുകയൊ ചെയ്തവരില്‍ സ്വദേശികളും വിദേശികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. താമസ കേന്ദ്രങ്ങള്‍, സുരക്ഷാ കേന്ദ്രങ്ങള്‍ പള്ളികള്‍, എംബസികള്‍ തുടങ്ങിയവക്കുനേരെയാണ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ റമദാനില്‍ മദീനയിലെ പ്രവാചക നഗരിയില്‍ മസ്ജിദുന്നബവിയുടെ പുറത്തും ഭീകരാക്രമണം നടന്ന കാര്യം മന്‍സൂര്‍ അല്‍ തുര്‍ക്കി ഓര്‍മപ്പെടുത്തി.തീവ്രവാദ ആശയം രാജ്യങ്ങളുടെ അസ്ഥിരതയാണ് ലക്ഷൃമിടുന്നത്. സുരക്ഷിതത്വം ഇല്ലായ്മ ചെയ്യുകയും യുവതയെ നശിപ്പിക്കുകയും ചെയ്യുന്നതായും മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു. തീവ്രവാദികള്‍ സൗദി അറേബ്യയെ നിരന്തരം ലക്ഷ്യം വെക്കുകയും ആക്രമിച്ചുകൊണ്ടിരിക്കയും ചെയ്യുകയാണ്. പൊതു സമൂഹത്തില്‍ ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കയാണ്. വഴിപിഴച്ച ആശയമാണ് പ്രരിപ്പിക്കുന്നത്. തുടര്‍ച്ചയായ ആക്രമണത്തിലൂടെ ക്രമസമാധാന തകര്‍ച്ച ഉണ്ടാക്കാനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ വിഘടിപ്പിച്ചു നിര്‍ത്തുക എന്നതും ഭീകരവാദികള്‍ ഉന്നംവെക്കുന്നുണ്ടെന്നും മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

NO COMMENTS

LEAVE A REPLY