ന്യൂഡല്‍ഹി • അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് അഴിമതിക്കേസില്‍ അറസ്റ്റിലായ വ്യോമസേനാ മുന്‍ മേധാവി എസ്.പി.ത്യാഗിയെ ഡിസംബര്‍ 14 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.കൂടാതെ, അദ്ദേഹത്തിന്റെ ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരെയും സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി സിബിഐ കോടതിയുടേതാണ് തീരുമാനം. മൂവരും കോഴവാങ്ങി ഇടപാടിനെ സ്വാധീനിച്ചിട്ടുണ്ടെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്. ഏതെങ്കിലും കേസില്‍ രാജ്യത്ത് അറസ്റ്റിലാകുന്ന സേന മേധാവി സ്ഥാനത്തിരുന്ന ആദ്യത്തെയാളാണ് എസ്.പി. ത്യാഗി. അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്ന് 12 എഡബ്ല്യു-101 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി കോഴയായി കൈമാറിയെന്നാണ് ആരോപണം. ത്യാഗിയും ബന്ധുക്കളുമുള്‍പ്പെടെ ആറ് ഇന്ത്യക്കാരെയും അഞ്ചു വിദേശികളെയും നാലു കമ്ബനികളെയുമാണു സിബിഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കാന്‍ ഇടനിലക്കാരിലൂടെ അഗസ്റ്റ സ്വാധീനം ചെലുത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നു സിബിഐ വ്യക്തമാക്കി.