ന്യൂഡല്‍ഹി• കൊണാട്ട് പ്ലേസിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ അഞ്ചുപേര്‍ ചേര്‍ന്ന് അമേരിക്കന്‍ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ എട്ടു മാസത്തിനു ശേഷം പൊലീസ് കേസെടുത്തു. സന്നദ്ധസംഘടന ഇ-മെയില്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ചില്‍ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. യാത്രാരേഖകള്‍ ശരിയാക്കുന്നതിനെന്ന മട്ടില്‍ യുവതിയുടെ മുറിയിലേക്കു പ്രവേശിച്ച സംഘം മാനഭംഗപ്പെടുത്തുകയായിരുന്നു എന്നു പരാതിയില്‍ പറയുന്നു. സംഭവം പുറത്തറിയിച്ചാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. ഭയന്നുപോയ യുവതി പൊലീസില്‍ പരാതി നല്‍കാതെ യുഎസിലേക്കു മടങ്ങി. പിന്നീട് സംഘടനയെ സമീപിക്കുകയായിരുന്നു. കേസെടുത്തതായും അന്വേഷണം തുടങ്ങിയതായും ജോയിന്റ് കമ്മിഷണര്‍ ദീപേന്ദ്ര പഥക് അറിയിച്ചു.