ഇന്നസെന്‍റ് എം.പി സ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല

230

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടത് എം.പി ഇന്നസെന്‍റ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പീഡനത്തിന് ഇരയായ നടിക്കെതിരായ നിലപാടാണ് ഇന്നസെന്‍റ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. കേരളത്തെ ലജ്ജിപ്പിക്കുന്ന നടപടിയാണിത്. എം.പി പദവിയില്‍ ഒരു നിമിഷം പോലും തുടരാന്‍ ഇന്നസെന്‍റ് അര്‍ഹനല്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വാ തുറക്കണം. നടി ആക്രമിച്ച കേസില്‍ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചെന്നിത്തല നടത്തിയത്. പിടിച്ചു കൊണ്ടുവരാന്‍ പറഞ്ഞാല്‍ കൊന്നു കൊണ്ടു വരുന്ന ചീഫ് സെക്രട്ടറിയാണ് ഇപ്പോഴുള്ളതെന്ന് ചെന്നിത്തല ആരോപിച്ചു. ചീഫ് സെക്രട്ടറി പണ്ട് ഇങ്ങനെ ആയിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്വാശ്രയ മാനേജുമെന്‍റുകളുമായി സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുന്നു. ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരിക, പിന്നീടു അത് തിരുത്തി മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. ഇതൊന്നും ജനങ്ങള്‍ അറിയാതിരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ നിന്നും മറച്ചുവെക്കുന്നു. കേട്ടുകേള്‍വി ഇല്ലാത്ത സംഭവങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS