കോണ്‍ഗ്രസ് തന്നെ കാസര്‍കോട് നിയോഗിച്ചത് സി.പി.എമ്മിന്റെ കോട്ടകള്‍ ഇടിച്ചു നിരപ്പാക്കാൻ ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

139

കാസര്‍കോട്: സി.പി.എമ്മിന്റെ കോട്ടകള്‍ ഇടിച്ചുനിരപ്പാക്കാനാണ് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ കാസര്‍കോട്ട് നിയോഗിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഡി.സി.സി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ ഇവിടെ വന്നപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞത് സി.പി.എമ്മുകാര്‍ വകവരുത്തിയ കല്യോട്ടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും ദീനരോദനമാണ്. കൃപേഷിനെയും ശരത് ലാലിനെയും അകാരണമായി വെട്ടിക്കൊന്ന സി.പി.എമ്മുകാര്‍ക്ക് മണ്ഡലത്തിലെ ജനങ്ങള്‍ ഒരുകാലത്തും മാപ്പും വോട്ടും നല്‍കില്ല. നിങ്ങളുടെ സ്ഥാനാര്‍ത്ഥിയെ തോല്പിച്ചു കൊണ്ടാകും അവര്‍ പ്രതികാരം ചെയ്യുക. വരമ്പത്തു കൂലി നല്‍കുന്ന കോടിയേരിയുടെ പാര്‍ട്ടിക്കാരുടെ കൊലപാതക രാഷ്ട്രീയം ഇനി ഇവിടെ വിലപ്പോകില്ല.

എന്നെ ജയിപ്പിക്കുകയും രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്താല്‍ കല്യോട്ടെ കൊലപാതക കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുകയും കൊല്ലിച്ചവനെ പിടികൂടുകയും ചെയ്യും.” കേരളത്തില്‍ ഏതാനും സീറ്റുകളില്‍ മാത്രം വിജയ പ്രതീക്ഷയുള്ള സി.പി.എമ്മിന് അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രമാണുള്ളതെന്നും. എന്നാല്‍ നരേന്ദ്ര മോദിയുടെ സര്‍ക്കാരിനെ തൂത്തെറിഞ്ഞു ജനാധിപത്യ മതേതരകക്ഷികളുടെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പില്‍ ഓരോ സീറ്റും നിര്‍ണായകമാണെന്നും ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

NO COMMENTS