ന്യൂഡൽഹി∙ റെയില്‍വേ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള നീക്കം റെയില്‍വേ മന്ത്രാലയം തുടങ്ങിക്കഴിഞ്ഞു. ആദ്യഘട്ടത്തില്‍ റെയില്‍വേ ആനുകൂല്യങ്ങള്‍ക്കും രണ്ടാംഘട്ടത്തില്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കും.
മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിയുള്ളവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള ടിക്കറ്റ് നിരക്കിലെ ഇളവിന് ആധാര്‍ നിര്‍ബന്ധമാക്കാനാണ് ആദ്യഘട്ടത്തില്‍ റെയില്‍വേ മന്ത്രാലയം ശ്രമിക്കുന്നത്. ഇത് 15 ദിവസത്തിനകം നടപ്പാക്കുമെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തുടര്‍ന്നു രണ്ടുമാസത്തിനകം രണ്ടാംഘട്ടം നടപ്പാക്കും.
റെയില്‍വേ ടിക്കറ്റിനും റിസര്‍വേഷനും ഒാണ്‍ലൈന്‍ റിസര്‍വേഷനും ആധാര്‍ നിര്‍ബന്ധമാക്കും. ആള്‍മാറാട്ടം അടക്കമുള്ള തട്ടിപ്പുകള്‍ തടയാനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ വിശദീകരണം.