ഖത്തര്‍ പൊതുമാപ്പില്‍ മടങ്ങുന്നവരില്‍ നിന്ന് എംബസി ഇനി പണം വാങ്ങില്ല

291

പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്നവരില്‍ നിന്നും അറുപതു റിയാല്‍ ഫീസ് ഈടാക്കുന്നത് ഒഴിവാക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി.കുമരന്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താമസ രേഖകള്‍ ഇല്ലാത്തതിനാല്‍ ഔട്ട്പാസിന് അപേക്ഷിക്കുന്നവരില്‍ നിന്നും ഇന്ത്യന്‍ എംബസി അന്യായമായി ഫീസ് ഈടാക്കുന്നതായി ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വര്‍ഷങ്ങളോളം ജോലിയോ വേതനമോ ഇല്ലാതെ ദുരിതമനുഭവിക്കുന്നവരില്‍ നിന്നും ഇന്ത്യന്‍ എംബസി അന്യായമായി ഫീസ് ഈടാക്കുന്നതിനെതിരെ പ്രവാസി സമൂഹത്തില്‍ നിന്നും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാധാരണക്കാര്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തേക്ക് എംബസി മാറ്റിയതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്ഥാനമൊഴിഞ്ഞ അംബാസിഡര്‍ സഞ്ജീവ് അറോറയും ഇന്ത്യന്‍ മാധ്യമങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ശക്തമായി തുടരുന്നതിനിടെയാണ് പുതിയ സ്ഥാനപതിയായി പി.കുമരന്‍ ഖത്തറില്‍ ചുമതലയേറ്റത്. ഔട്പാസിനായി ഏര്‍പ്പെടുത്തിയ അന്യായമായ ഫീസ് പിന്‍വലിക്കുന്നതാടോപ്പം ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുമെന്നും കഴിഞ്ഞ ദിവസംമാധ്യപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംബാസിഡര്‍ ഉറപ്പ് നല്‍കി.
പൊതുമാപ്പ് കാലയളവ് അവസാനിക്കാനിരിക്കെ വളരെ കുറച്ച്‌ ഇന്ത്യക്കാര്‍ മാത്രമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങാന്‍ അനധികൃത താമസക്കാരെ പ്രേരിപ്പിക്കുന്നതിന് മാധ്യമങ്ങളും പ്രവാസി സംഘടനകളുമായി സഹകരിച്ചു കാമ്ബയിന്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടുന്നവര്‍ക്ക് ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കുന്ന കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ ഇന്ത്യന്‍ എംബസിയും ഐ.സി.സിയും നല്‍കി വരുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ പുറംകരാര്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അംബാസിഡര്‍ പി.കുമരന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

NO COMMENTS

LEAVE A REPLY