വീട് ഒരു വിദ്യാലയം പദ്ധതിക്കു തുടക്കം

56

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘വീട് ഒരു വിദ്യാലയം’ പദ്ധതിക്കു തുടക്കമായി. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥിയുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താവിന്റെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന നൂതന പദ്ധതിയാണു ‘വീട് ഒരു വിദ്യാലയം’. സമഗ്ര ശിക്ഷാ കേരളമാണു പദ്ധതി നടപ്പാക്കുന്നത്.

വിദ്യാഭ്യാസ രീതികളിൽ കാലത്തിനൊത്ത മാറ്റം വേണമെന്ന ലക്ഷ്യത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നു പദ്ധതി ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കോവിഡ് കാലത്തു വൈവിധ്യമാർന്ന നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പിനു കഴിഞ്ഞു. ഇതിന്റെ ഭാഗമായാണു ‘വീട് ഒരു വിദ്യാലയം’ പദ്ധതിയും നടപ്പാക്കുന്നത്. അധ്യാപകരുടേയും രക്ഷകർത്താക്കളുടേയും പിന്തുണയോടെ പഠന പ്രവർത്തനങ്ങൾ വിദ്യാർഥിയുടെ വീടുകളിലെത്തിച്ച് വീടുകളിൽ പഠനാനുകൂല അന്തരീക്ഷം സാധ്യമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാലാനുസൃത മാറ്റങ്ങൾ വരണം. പഠനരീതിയും പരീക്ഷാസമ്പ്രദായവുമെല്ലാം മാറേണ്ടതുണ്ട്. സമഗ്രമായ മാറ്റത്തിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവമായ ആലോചനകൾ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മണക്കാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനി ആതിര എം.ബിയുടെ വീട്ടിലായിരുന്നു ഉദ്ഘാടന ചടങ്ങ്. വീട്ടിൽ തയാറാക്കിയ ലിറ്റ്മസ് പേപ്പറിൽ ആസിഡും ആൽക്കലിയും തിരിച്ചറിയുന്ന പ്രവർത്തനത്തിന്റെ പരീക്ഷണം ആതിര അവതരിപ്പിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. കെ.എസ്. റീന, കൗൺസിലർ വി. വിജയകുമാരി, എസ്.എസ്.കെ. സംസ്ഥാന പ്രൊജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ എൻ. രത്‌നകുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS