യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

154

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോളേജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ കെ.കെ. സുമ അറിയിച്ചു. യൂണിവേഴ്‌സിറ്റി കോളേജിലെ പഠനാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഡയക്ടറേറ്റിന്റെ നേതൃത്വത്തില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കും.

കൊടിമരം സ്ഥാപിക്കുന്നതിനടക്കം എന്തുചെയ്യണമെങ്കിലും പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങണം. നിലവിലുള്ള ബാനറുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും മാറ്റും. ഇതിന് പോലീസിന്റെ സഹായം തേടി. അത്‌ ലംഘിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ സഹായം തേടും. കോളേജിന്റേതല്ലാത്ത മറ്റുപരീക്ഷകള്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ നടത്തേണ്ടെന്നും തീരുമാനിച്ചു. കോളേജിനെ പരീക്ഷാ സെന്ററാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമേ ഇനി കാമ്പസിൽ പ്രവേശനുമുണ്ടാകൂ. യൂണിയന്‍ മുറിയെക്കുറിച്ചുള്ള ദുഷ്‌പേരുമാറ്റാനാണ് ക്ലാസ് മുറിയാക്കിമാറ്റിയത്. ഇടയ്ക്കുെവച്ച്‌ പഠനം നിര്‍ത്തുന്നവര്‍ക്ക് വീണ്ടും പ്രവേശനം നല്‍കില്ല. പരീക്ഷാ ആവശ്യങ്ങള്‍ക്കും പുതിയ മുറി കണ്ടെത്തും. പോലീസ് സംരക്ഷണയില്‍ രണ്ടുദിവസത്തിനകം കോളേജില്‍ ക്ലാസ് തുടങ്ങുമെന്നും അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.

അധ്യാപകരുടെ പഞ്ചിങ് സംവിധാനം നവീകരിക്കും. എല്ലാവര്‍ക്കും ഒരുപോലെ കടന്നുവരാവുന്ന കാമ്ബസാക്കിമാറ്റും. മികച്ചവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് റെഗുലര്‍ പ്രവേശനം മാത്രമേ നല്‍കൂ. കോളേജിലെ അനധ്യാപകര്‍ക്കും സ്ഥലംമാറ്റമുണ്ടാകും. സമാധാനാന്തരീക്ഷം സ്ഥാപിക്കാന്‍ അധ്യാപകരും സഹകരിക്കും.

എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും പ്രിന്‍സിപ്പലിന്റെയും വകുപ്പുതലവന്റെയും നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപവത്കരിക്കും. ഓരോ ക്ലാസിന്റെയും ചുമതല ഓരോ ട്യൂട്ടര്‍ക്ക് നല്‍കുമെന്നും കെ.കെ. സുമ പറഞ്ഞു.

NO COMMENTS