കസ്റ്റഡി മരണം – മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം.

133

കൊച്ചി:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതി അവശനിലയിലായിട്ടും ആശുപത്രിയിലാക്കുന്നതിന് പകരം മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത് തുടർന്നാണ് ഇടുക്കി മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയുടെ അന്വേഷണം.മരിച്ച രാജ്കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രാജ്കുമാറിനെ അവശനിലയിലായിട്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ നിര്‍ദേശിക്കാതിരുന്നതെന്തിനാണെന്ന് അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ജൂണ്‍ 15 നാണ് രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യുന്നത്. നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ നിന്ന് രാജ്കുമാറിനെ നെടുങ്കണ്ടം കോടതിയിലേക്കാണ് കൊണ്ടുപോകേണ്ടിയിരുന്നത്. എന്നാല്‍ നെടുങ്കണ്ടം മജിസ്‌ട്രേറ്റ് അവധിയായതിനാലാണ് ഇടുക്കി മജിസ്‌ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നില്‍ രാജ്കുമാറിനെ ഹാജരാക്കിയത്. ഇവരാണ് റിമാന്‍ഡ് ചെയ്യാനുള്ള ഉത്തരവ് നല്‍കിയത്. എന്നാല്‍ റിമാന്‍ഡിലിരിക്കെ രാജ്കുമാര്‍ മരിച്ചത് വിവാദമാവുകയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കസ്റ്റഡി മര്‍ദ്ദനം സൂചിപ്പിക്കുകയും ചെയ്തതോടെയാണ് ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി അന്വേഷിക്കുന്നത്.നടക്കാന്‍ കഴിയാതെ അവശനിലയിലായിരുന്ന രാജ്കുമാറിനെ പോലീസ് വാഹനത്തിന് അടുത്ത് എത്തിയാണ് മജിസ്‌ട്രേറ്റ് കണ്ടത്. എന്നിട്ടും ഇയാളെ ജയിലിലേക്ക് അയച്ചതാണ്അന്വേഷിക്കുന്നത്. മജിസ്‌ട്രേറ്റിന്റെ ഭാഗം കേട്ടതിന് ശേഷം വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ ഹാജരാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടികള്‍ ഇവര്‍ക്ക് നേരിടേണ്ടി വരും.

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന് മുമ്ബ് നെടുങ്കണ്ടം ആശുപത്രിയില്‍ ഹാജരാക്കി പരിക്കുകള്‍ ഇല്ല എന്ന് വ്യക്തമാക്കുന്ന രേഖ പോലീസുകാര്‍ മജിസ്‌ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ രേഖ വ്യാജമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം രാജ്കുമാരിന്റെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായാണ് പറയുന്നത്. ഇത് കൂടാതെ 14 മുറിവകളും ഏഴ് ചതവുകളും ദേഹത്ത് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

റിമാന്‍ഡ് ചെയ്യപ്പെടുന്നതിന് മുമ്ബ് തന്നെ 25 ഗൗരവമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. അതിനാല്‍ മര്‍ദ്ദനത്തിന് ശേഷമാണ് പോലീസ് രാജ്കുമാറിനെ ഇടുക്ക് മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചത് എന്നാണ് വ്യക്തമാകുന്നത്.

NO COMMENTS