സഹകരണ സമരത്തില്‍ സഹകരണത്തിനില്ലെന്ന് വി.എം സുധീരന്‍

137

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ ബി.ജെ.പി ശൈലി ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ബി.ജെ.പിയെ എതിര്‍ക്കാന്‍ അവരുടെ ശൈലി ഉപേക്ഷിച്ചിട്ട് വേണം സമരം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ സമരത്തില്‍ സംയുക്ത സമരമില്ല. സമാന സമരമെന്നാല്‍ സംയുക്ത സമരമല്ല. ബാങ്ക് ഭരണ സമിതികളെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു. ഭരണത്തില്‍ ബി.ജെ.പി ശൈലി വെച്ചുപുലര്‍ത്തി സ്വാധീനമില്ലാത്ത ജില്ലാ ബാങ്ക് ഭരണ സമിതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ അവരുമായി സംയുക്ത സമരത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയ്ക്കെതിരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഡല്‍ഹിയിലാണ് സമരം നടത്തേണ്ടതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷമായി സഹകരിച്ച്‌ സമരം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമുണ്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സുധീരന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സഹകരണ മേഖലയില്‍ കള്ളപ്പണമുണ്ടെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ധനകാര്യ മന്ത്രിക്ക് പരാതി നല്‍കിയതും വേറിട്ട് സമരം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. സഹകരണ സമരവുമായി ബന്ധപ്പെട്ട് യോജിച്ചുള്ള സമരമെന്നാണ് രണ്ട് ദിവസങ്ങള്‍ക്ക് മുമ്ബ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും സൂചിപ്പിച്ചത്. എന്നാല്‍ സംയുക്ത സമരത്തിനേക്കുറിച്ച്‌ പാര്‍ട്ടിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് പറഞ്ഞത്. വി എം സുധീരന്‍ അടക്കമുള്ള നേതാക്കളാണ് സമരം യുഡിഎഫ് മുന്നണിയായോ പാര്‍ട്ടി ഒറ്റയ്ക്കോ നടത്തിയാല്‍ മതി എന്ന നിലപാടെടുത്തത്.

NO COMMENTS

LEAVE A REPLY