45 പേരുമായി പാക് തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് വരികയായിരുന്ന വിമാനം കാണാതായി. തകര്‍ന്നു വീണതാവാമെന്ന കണക്കുകൂട്ടലില്‍ തെരച്ചില്‍ പുരോഗമിക്കുകയാണ്. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലെന്‍സിന്റെ ആഭ്യന്തര വിമാനമാണ് കാണാതായത്. 37 യാത്രക്കാരും ബാക്കി ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ വിമാനം തകര്‍ന്നു വീണതായി കണ്ടെത്തിയെന്നുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 3.30ന് പുറപ്പെട്ട PK661 വിമാനം 4.40നാണ് ഇസ്ലാമാബാദിലെ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ അബട്ടാബാദിന് സമീപത്ത് വെച്ച് വിമാനവുമായുള്ള ബന്ധം എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് മിലിട്ടറി മീഡിയ വിങ് അറിയിച്ചു.