കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് അനൗപചാരിക യോഗം ചേരും

165

കെ.എം മാണി യുഡിഎഫ് വിട്ട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് തിരുവനന്തപുരത്ത് അനൗപചാരിക യോഗം ചേരും. തദ്ദേശ സ്ഥാപനങ്ങളിലെ സഖ്യം വിടണമെന്ന അഭിപ്രായം കോണ്‍ഗ്രസ്സില്‍ ഉയരുന്നുണ്ടെങ്കിലും ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗമാകും അന്തിമ തീരുമാനമെടുക്കുക. മുന്നണിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണമെന്നാണ് ലീഗും ജെഡിയുവുമടക്കമുള്ള കക്ഷികളുടെ ആവശ്യം.
മുന്നണി വിട്ട മാണിയോടുള്ള തുടര്‍നിലപാടില്‍ കോണ്‍ഗ്രസ്സില്‍ ഇപ്പോഴും ഏകാഭിപ്രായമില്ല. ഐ ഗ്രൂപ്പും വിഎന്‍ സുധീരന്‍ പക്ഷവും മാണിയെ കടന്നാക്രമിക്കുമ്പോള്‍ എ വിഭാഗം മൃദുസമീപനം പൂര്‍ണ്ണമായും ഇപ്പോഴും വിട്ടിട്ടില്ല. പാര്‍ട്ടിയെ അപമാനിച്ച മാണിയുടെ ഔദാര്യത്തില്‍ തദ്ദേശഭരണം വേണ്ടെന്നാണ് മാണി വിരുദ്ധരുടെ നിലപാട്. എന്നാല്‍ എല്‍.‍ഡി.എഫ്, എന്‍.ഡി.എ വിരുദ്ധ വോട്ടുകള്‍ നേടി ലഭിച്ച തദ്ദേശ ഭരണം അത്രപെട്ടെന്ന് വേണ്ടെന്ന് വെക്കണോ എന്ന് സംശയം എ ഗ്രൂപ്പിനുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ ബന്ധത്തില്‍ ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗം അന്തിമതീരുമാനമെടുക്കും.
മാണി ഗ്രൂപ്പിന് നല്‍കിയ ചീഫ് വിപ്പ് സ്ഥാനം തിരിച്ചെടുക്കുന്നതും മുന്നണി തീരുമാനിക്കും. രണ്ടില കൊഴിഞ്ഞത് എ ഗ്രൂപ്പ് ആയുധമാക്കാനിടയുള്ളതിനാല്‍ മാണിക്കെതിരെ ഒരുവിട്ടുവീഴ്ചയും വേണ്ടെന്നാണ് ഐ ക്യാമ്പ് തീരുമാനം. ബാര്‍കോഴ ഗൂഡാലോചനാ വാദത്തിനടക്കം ചെന്നിത്തല ഇന്ന് വിശദമായ മറുപടി നല്‍കും. മാണി പോയതില്‍ നിരാശരായ ഘടകകക്ഷികള്‍ കോണ്‍ഗ്രസ്സിനെതിരെ തിരിയുകയാണ്. പ്രശ്നമെന്തെന്ന് അറിയാന്‍, ലീഗ് മാണിയുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് നിലപാടാണ് മാണിയുടെ പടിയിറക്കത്തിന്റെ കാരണമെന്ന ആക്ഷേപം ജെ.ഡി.യുവിനും ആര്‍.എസ്‌.പിക്കും ജേക്കബ് വിഭാഗത്തിനുമുണ്ട്. മുന്നണിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ മുഖ്യകക്ഷി താല്പര്യം കാണിക്കുന്നില്ലെന്നാണ് എല്ലാവരുടേയും പരാതി. മാണി പോയതിനു് പിന്നാലെ കോണ്‍ഗ്രസ്സിന് തലവേദനയായി മറ്റ് ഘടകക്ഷികളും നിലപാട് കൂടതല്‍ കടുപ്പിക്കാനാണ് സാധ്യത.

NO COMMENTS

LEAVE A REPLY