കോണ്‍ഗ്രസ്സിന്‍റെ യുപി പ്രചരണത്തിന് സോണിയാ ഗാന്ധി തുടക്കമിട്ടു

161

ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് പ്രചരണത്തിന് സോണിയാ ഗാന്ധി തുടക്കമിട്ടു. വാരാണസിയില്‍ റോഡ് ഷോ നടത്തിയായിരുന്നു സോണിയയുടെ പ്രചരണം.കാശി വിശ്വനാഥ ക്ഷേത്രത്തിലും സോണിയ ഗാന്ധി ദര്‍ശനം നടത്തും
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നുമാണ് ഉത്തര്‍പ്രദേശ് പിടിക്കാനുള്ള ശ്രമത്തിന് സോണിയാ ഗാന്ധി തുടക്കമിട്ടിരിക്കുന്നത്.അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയായിരുന്നു റോഡ് ഷോയുടെ തുടക്കം.വാരാണസിയില്‍ നടന്ന റോഡ്‌ഷോയില്‍ പതിനായിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയയെ അനുഗമിച്ചു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു മോദിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ വാരാണസിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചരണത്തിന് എത്താതിരുന്ന സോണിയാഗാന്ധി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാശിയില്‍ തുടക്കമിട്ടത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണ്.
ഉത്തര്‍പ്രദേശില്‍ ഷീലാ ദീക്ഷിതിനെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിയില്‍ നിന്നും അകന്ന മുന്നോക്ക വോട്ട് ബാങ്കിനെ തിരിച്ചെത്തിക്കാനുള്ള ശ്രമമമാണ് കോണ്‍ഗ്രസ് തുടങ്ങിയിരിക്കുന്നത്.ബ്രാഹ്മണ മുന്നോക്ക വോട്ടുകളും ന്യൂനപക്ഷ ദളിത് വോട്ടുകളും നിര്‍ണ്ണായകമായ വാരാണസിയില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയാഗാന്ധി പ്രചരണത്തിന് എത്തുന്നത്.
ഒബിസി പ്രീണനത്തിന് നില്‍ക്കാതെ മുന്നോക്ക ന്യൂനപക്ഷ ദളിത് വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ സ്ഥിതി മെച്ചപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടല്‍.തര്‍ക്കങ്ങളില്ലാതെ പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും തെരഞ്ഞെടുക്കാനായ കോണ്‍ഗ്രസ്സിന് സോണിയയുടെ വാരാണസി റാലിയും പുതിയ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY