ആം ആദ്മി പാർട്ടി എംപി ഭഗവത് മന്നിനെ ലഹരി മോചന കേന്ദ്രത്തിലാക്കണം : സ്പീക്കർക്ക് എംപിമാരുടെ കത്ത്

240

ന്യൂഡൽ‍ഹി ∙ ആം ആദ്മി പാർട്ടി എംപി ഭഗവത് മന്നിനെ ലഹരി മോചന കേന്ദ്രത്തിലാക്കണമെന്നു ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജനിന് എംപിമാരുടെ കത്ത്. പാർലമെന്റിന്റെ ചെലവിൽ മന്നിനെ ലഹരി വിമോചന കേന്ദ്രത്തിൽ അയക്കണമെന്നാണ് ഒരു സംഘം എംപിമാർ ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇക്കാര്യം ആവശ്യപ്പെട്ട് എംപിമാർ കത്ത് നൽകിയിരിക്കുന്നത്.

സസ്പെൻഡ് ചെയ്ത ആം ആദ്മി പാർട്ടി എംപി ഹരീന്ദർ സിങ് ഖൽസ, ബിജെപി എംപി മഹേഷ് ഗിരി, ശിരോമണി അകാലി ദൾ എംപി ചാദുമജ്‍ര എന്നിവരുടെ ഒപ്പോടുകൂടിയാണ് സ്പീക്കർക്ക് കത്തയച്ചിരിക്കുന്നത്. പുനരധിവാസ കേന്ദ്രത്തിൽ പോയതിനുശേഷമേ മന്നിനെ ലോക്സഭാ നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കാവൂവെന്നും കത്തിൽ പറയുന്നു. നേരത്തെയും ഭഗവത് മൻ മദ്യപിച്ചാണ് പാർലമെന്റിൽ എത്തുന്നതെന്ന് ഹരീന്ദർ സിങ് ഖൽസെ ആരോപിച്ചിരുന്നു.

സഭയിൽ മന്നിന്റെ തൊട്ടടുത്താണു ഖൽസയുടെ ഇരിപ്പിടം. ഇതു മാറ്റിത്തരണമെന്നാവശ്യപ്പെട്ട് അദ്ദേഹം സ്പീക്കർ സുമിത്രാ മഹാജനു കത്തു നൽകിയിരുന്നു. ആവശ്യം പരിഗണിക്കാമെന്നു സ്പീക്കർ ഉറപ്പു നൽകുകയും ചെയ്തിരുന്നു. പഞ്ചാബിലെ ഫത്തേഹ്ഗഡ് സാഹിബിൽനിന്നുള്ള എംപിയാണു ഖൽസ. ആം ആദ്മി പാർട്ടി ടിക്കറ്റിൽ ജയിച്ച അദ്ദേഹത്തെ ഒരുവർഷം മുൻപ് അച്ചടക്ക ലംഘനത്തിന്റെ പേരിൽ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.

പാർലമെന്റിന്റെ ദൃശ്യങ്ങൾ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് മന്നിനെ സഭയുടെ മൺസൂൺസെഷനിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനുപിന്നാലെയാണ് പുതിയ വിവാദം.

NO COMMENTS

LEAVE A REPLY