ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ച മേ‍ാഷ്ടാവിനെ യുവതി കീഴ്പ്പെടുത്തി

151

പാലക്കാട് ∙ ട്രെയിൻ യാത്രക്കിടെ ബാഗ് തട്ടിപ്പറിച്ചോടിയ മോഷ്ടാവിനെ യുവതി പിന്തുടർന്ന് പിടികൂടി റെയിൽവേ പൊലീസിനു കൈമാറി. ഇന്നലെ പുലർച്ചെ നാലിനു ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് നാടകീയമായ സംഭവം. ട്രെയിൻ സ്റ്റേഷനിൽ നിർത്തിയ സമയത്താണ് ഗരീബ്‍രഥ് എക്സ്പ്രസിലെ യാത്രക്കാരി ആലുവ സ്വദേശി അനു കോശിയുടെ പണമടങ്ങിയ ബാഗ് ആന്ധ്ര സ്വദേശി സത്യനാരായണ (38) നാണ് തട്ടിപ്പറിച്ചോടിയത്.

ട്രെയിനിൽ നിന്നു ചാടി ഒന്നാം പ്ലാറ്റ്ഫോം വഴിയോടിയ മേ‍ാഷ്ടാവിനെ അനുകോശി പിന്തുടർന്ന് പിടികൂടി. പുലർച്ചെയായതിനാൽ പ്ലാറ്റ്ഫോമിൽ ആളുകൾ കുറവായിരുന്നു. ബെൽറ്റ് കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച സത്യനാരായണനെ യുവതി പിടിച്ചു കീഴ്പ്പെടുത്തി. മേ‍ാഷ്ടാവ് കുതറികെ‍ാണ്ടിരുന്നെങ്കിലും അനുകോശി വിട്ടില്ല. പിന്നീട് അയാളെ അൽപം അകലെയായിരുന്ന റെയിൽവേ പൊലീസിനു സമീപമെത്തിക്കുകയായിരുന്നു.

ചെറുപ്പത്തിൽ കരാത്തെ പരിശീലീച്ചത് ട്രെയിൻ യാത്രയിൽ ഗുണമായെന്ന് അനുകോശി പൊലീസിനെ അറിയിച്ചു. ബാംഗ്ലൂരിൽ ഭർത്താവിനൊപ്പം താമസിക്കുന്ന യുവതി ആലുവയിലെ വീട്ടിലേയ്ക്കു പോകുമ്പോഴായിരുന്നു മോഷണശ്രമം. കോയമ്പത്തൂരിൽ നിന്നാണ് സത്യനാരായണൻ ട്രെയിനിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈവശം ടിക്കറ്റുണ്ടായിരുന്നില്ല. ട്രെയിനുകളിൽ മോഷണം നടത്തുന്ന സംഘത്തിലെ അംഗമാണ് ഇയാൾ. കവർച്ചാകേസിൽ മുൻപ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സത്യനാരായണനെ കോടതി റിമാൻഡ് ചെയ്തു.

NO COMMENTS

LEAVE A REPLY