റിയോ ഒളിംപിക്സിൽനിന്നും റഷ്യ പുറത്തേക്ക്

167

ലുസാൻ∙ റിയോ ഒളിംപിക്സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടു റഷ്യൻ അത്‍ലീറ്റുകൾ സമർപ്പിച്ച ഹർജി ലോക കായിക ആർബിട്രേഷൻ കോടതി തള്ളി. 68 റഷ്യൻ അത്‌ലീറ്റുകളാണ് ആർബിട്രേഷൻ കോടതിയിൽ ഹർജി നൽകിയത്. ഹർജി തള്ളിയ സാഹചര്യത്തിൽ അത്‍ലീറ്റുകൾക്ക് റിയോ ഒളിംപിക്സ് നഷ്ടമാകാനാണു സാധ്യത.

അതേസമയം, ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യയെ ഒളിംപിക്സിൽ നിന്നു വിലക്കണോ എന്ന കാര്യത്തിൽ രാജ്യാന്തര ഒളിംപിക് സമിതി (ഐഒസി) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഞായറാഴ്ച ഇതുസംബന്ധിച്ചു തീരുമാനമാകുമെന്നാണു റിപ്പോർട്ട്. കായിക കോടതിയുടെ തീരുമാനത്തിനു അനുസരിച്ചാവും ഐഒസിയുടെ നിലപാട്. നിലവിലെ സാഹചര്യത്തിൽ റഷ്യ റിയോ ഒളിംപിക്സിൽനിന്നു പുറത്തുപോകാനാണു സാധ്യത.

അധികൃതരുടെ അറിവോടെ തന്നെ റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്നു കനേഡിയൻ നിയമജ്ഞൻ റിച്ചാർഡ് മക്‌ലാരനാണ് കണ്ടെത്തിയത്. 2014ൽ റഷ്യയിലെ സോച്ചിയിൽ നടന്ന ശീതകാല ഒളിംപിക്സിൽ റഷ്യൻ താരങ്ങൾ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിച്ചതായും പിന്നീട് ഇവരുടെ മൂത്രസാംപിളുകൾ മാറ്റിയതായും മക്‌ലാരൻ കണ്ടെത്തിയിരുന്നു.

സാംപിളുകൾ മാറ്റി പുതിയതു നിറയ്ക്കാനുള്ള സംവിധാനങ്ങളടക്കം സർക്കാർ പിന്തുണയോടെയായിരുന്നു കാര്യങ്ങൾ. ആഭ്യന്തര ഇന്റലിജൻസ് സർവീസിലെ വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു സാംപിളുകൾ മാറ്റിക്കൊണ്ടിരുന്നത്. എന്നു മാത്രമല്ല ഡപ്യൂട്ടി സ്പോർട്സ് മന്ത്രി യൂറി നഗോർനിഖ് ആയിരുന്നു സംരക്ഷിക്കപ്പെടേണ്ട ‘ഉത്തേജക താരങ്ങളുടെ’ പട്ടിക തയാറാക്കിയിരുന്നതെന്ന അതീവ ഗുരുതരമായ കണ്ടെത്തലും മക്‌ലാരന്റെ റിപ്പോർട്ടിലുണ്ട്.

NO COMMENTS

LEAVE A REPLY