റഷ്യയ്ക്ക് റിയോയിൽ സമ്പൂർണ വിലക്കില്ല

155

ജനീവ∙ വ്യാപകമായ ഉത്തേജകമരുന്ന് ഉപയോഗത്തിന്റെ പേരില്‍ റഷ്യയെ റിയോ ഒളിംപിക്സില്‍നിന്ന് സമ്പൂർണമായി വിലക്കേണ്ടതില്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി തീരുമാനിച്ചു. വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കുന്നവർക്ക് റിയോയിൽ മൽസരിക്കാം. അതേസമയം, ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ വിലക്കു നിലവിലുള്ള റഷ്യൻ താരങ്ങൾക്ക് റിയോ ഒളിംപിക്സിൽ പങ്കെടുക്കാനാവില്ല. മാത്രമല്ല, വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കുന്നവരും കർശന പരിശോധനകൾക്കു വിധേയരാകേണ്ടിവരും.

ലോക കായിക മാമാങ്കത്തിന് റിയോയില്‍ കൊടിയുയരാന്‍‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഐഒസിയുടെ തീരുമാനം വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ലോക കായിക തര്‍ക്കപരിഹാര കോടതിയിലെ വിലക്കും എതിരായതോടെ റഷ്യയ്ക്ക് സമ്പൂർണ വിലക്കു വരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് റഷ്യയെ സമ്പൂർണമായി വിലക്കേണ്ടതില്ലെന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) തീരുമാനം. ഇതോടെ, വനിതാവിഭാഗം പോള്‍വാള്‍ട്ടിലെ ഇതിഹാസതാരം യെലേന ഇസിന്‍ബയേവയടക്കമുള്ള നിരവധി ലോകോത്തര ഒളിംപിക് താരങ്ങളുടെ പ്രകടനം ഇത്തവണത്തെ ഒളിംപിക്സിലും ഉണ്ടാകുമെന്ന് ഉറപ്പായി.

റഷ്യയെ റിയോയിലെത്തിക്കാനുള്ള അവസാന ശ്രമത്തില്‍ പ്രസിഡന്റ് വ്‌ലാഡിമർ പുടിൻ തന്നെ നേരിട്ട് രംഗത്തുണ്ടായിരുന്നു. സോവിയേറ്റ് യൂണിയന്‍ നേതാവായ മിഹയില്‍ ഗൊര്‍ബച്ചേവും പ്രശ്നത്തില്‍ ഇടപെട്ടെങ്കിലും റഷ്യയുടെ റിയോ ഒളിംപിക്സ് മോഹങ്ങള്‍ പൂവണിയിക്കാനായില്ല.

സമ്പൂര്‍ണ വിലക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള അവസാന നിമിഷ ശ്രമങ്ങളിലായിരുന്നു റഷ്യൻ അധികൃതർ ഇതുവരെ. ഉത്തേജമരുന്ന് വിവാദത്തില്‍ പെട്ട റഷ്യയെ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ മുന്‍പേ കയ്യൊഴിഞ്ഞിരുന്നു. തുടര്‍ന്ന് 68 റഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് അത്‍ലറ്റുകള്‍ രാജ്യാന്തര ആര്‍ബിട്രേഷന്‍ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടിയായിരുന്നു ഫലം. ഇതോടെയാണ് റഷ്യയ്ക്ക് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താന്‍ ഐഒസിക്കുമേൽ സമ്മർദ്ദം ശക്തമായത്.

NO COMMENTS

LEAVE A REPLY