തിരുവനന്തപുരം ∙ സർക്കാർ പ്രസ് പുരാവസ്തുക്കളുടെ ശേഖരമായി മാറിയിരിക്കുന്നുവെന്ന് . ഉപയോഗശൂന്യമായ നിരവധി വസ്തുക്കൾ കെട്ടിക്കിടക്കുന്നുണ്ട്. ഇവ എത്രയും വേഗം നീക്കം ചെയ്യുന്നതിനുള്ള നിർദേശം അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസിൽ മിന്നൽ പരിശോധന നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിവിധ വകുപ്പുകളിൽനിന്നും നോട്ടീസുകളും പ്രസിദ്ധീകരണങ്ങളും ഉൾപ്പെടെയുള്ളവ പ്രസിൽ അച്ചടിക്കാൻ എത്തിക്കാറുണ്ട്. ഒരു ലക്ഷം കോപ്പികൾ അച്ചടിക്കുമ്പോൾ പതിനായിരം മാത്രമാകും കൊണ്ടുപോകുന്നത്. ബാക്കിയൊക്കെ ഇവിടെ കെട്ടിക്കിടക്കുകയാണ്. ഇത് ബന്ധപ്പെട്ട വകുപ്പിന്റെ ഉത്തരവാദിത്തമായി കണക്കാക്കും. എടുത്തുകൊണ്ടുപോകാത്തതിന് ഇവ നശിപ്പിക്കുന്നതിനുള്ള ചെലവടക്കം അതതു വകുപ്പുകളിൽനിന്നും ഈടാക്കും. തോന്നിയപോലെ കൈകാര്യം ചെയ്യേണ്ട കാര്യമല്ല ഇതെന്നും ഓർഡർ ചെയ്തത്രയും ശേഖരിക്കേണ്ട ബാധ്യത വകുപ്പുകൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമില്ലാതെ കിടക്കുന്ന വസ്തുക്കൾ കത്തിക്കുമ്പോൾ അത് തൊഴിലാളികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടാക്കുന്നു. ഇതിനായി ശാസ്ത്രീയമായ സംവിധാനങ്ങളൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.