പ്രണയാഭ്യാര്‍ത്ഥന നിരസിച്ച യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

152

പ്രണായാഭ്യാര്‍ത്ഥന നിരസിച്ചതിന് റെയില്‍വെ സ്റ്റേഷനില്‍ യുവതിയെ വെട്ടിക്കൊന്ന സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പ് തമിഴ്നാട്ടില്‍ നിന്ന് സമാനമായ മറ്റൊരു സംഭവം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും പെണ്‍കുട്ടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. തീ പിടുത്തത്തില്‍ യുവാവ് കൊല്ലപ്പെട്ടെങ്കിലും ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു.
വില്ലുപുരം ജില്ലയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സെന്തില്‍ എന്ന 32കാരന്‍ ഒരു വര്‍ഷത്തിലേറെയായി സമീപവാസിയായ പെണ്‍കുട്ടിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി സ്വീകരിച്ചില്ല. ഇതിനിടെ ഒരു അപകടത്തില്‍പെട്ട് ഇയാള്‍ക്ക് ഒരു കൈയ്യും കാലും നഷ്‌ടപ്പെട്ടു. അംഗവൈകല്യം കാരണമാണ് പെണ്‍കുട്ടി തന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കാതിരുന്നതെന്ന് ധരിച്ച ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വീടിന് സമീപം ഒളിച്ചിരുന്ന ഇയാള്‍ അച്ഛനും അമ്മയും പുറത്തുപോകുന്നത് വരെ കാത്തിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളിലേക്ക് കടന്ന ഇയാള്‍ സഹോദരനെയും സഹോദരിയെയും കത്തികാട്ടി ഭീഷണിപ്പെടുത്തി. പിന്നീട് പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് കൈയ്യില്‍ കരുതിയ പെട്രോള്‍ സ്വന്തം ശരീരത്തിലൊഴിച്ച് സ്വയം തീകൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴേക്കും സെന്തില്‍ മരിച്ചിരുന്നു. പെണ്‍കുട്ടിയെ ഉടന്‍തന്നെ ജിപ്മര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

NO COMMENTS

LEAVE A REPLY