ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് യാത്രാസംഘം സൗദിയിലെത്തി

162

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ സൗദിയില്‍ എത്തിത്തുടങ്ങി. മദീനയിലെത്തിയ ആദ്യ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് സ്വീകരിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള 341 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിലുണ്ടായിരുന്നത്.
മദീനയില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെ അഞ്ചരയ്‌ക്ക് എത്തിയ ആദ്യ സംഘത്തെ സൗദി സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി വി.കെ സിങ് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ്‌ നൂര്‍ ഷെയ്ഖ്‌, ഹജ്ജ് മിഷന്റെയും ഹജ്ജ് സര്‍വീസ് എജന്‍സിയുടെയും പ്രതിനിധികള്‍ തുടങ്ങിയവരും ആദ്യ സംഘത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഡല്‍ഹി, വാരാണസി, റാഞ്ചി, ഗയ, ഗ്വാഹട്ടി എന്നീ സ്ഥലങ്ങളില്‍ നിന്നും ഏഴ് വിമാനങ്ങളിലായി 1600ല്‍ അധികം തീര്‍ഥാടകര്‍ ആദ്യ ദിവസം മദീനയില്‍ എത്തി. ഹജ്ജ് കഴിഞ്ഞ് അടുത്തമാസം 17, 19 തിയ്യതികളില്‍ ജിദ്ദയില്‍ നിന്നായിരിക്കും ഈ തീര്‍ഥാടകരുടെ മടക്കയാത്ര.
ഇന്ത്യയില്‍ നിന്നും ഡോക്ടര്‍മാരും പാരാ മെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ അമ്പത് അംഗ മെഡിക്കല്‍ സംഘം കഴിഞ്ഞ ദിവസം മദീനയില്‍ എത്തിയിരുന്നു. ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ് സംഘവും ഇന്നെത്തി. പാകിസ്ഥാനില്‍ നിന്നുള്ള 260 തീര്‍ഥാടകരാണ് ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്. എഴുപതിലധികം രാജ്യങ്ങളില്‍ നിന്നായി 15 ലക്ഷത്തിലധികം തീര്‍ഥാടകര്‍ വിമാനമാര്‍ഗം ഇത്തവണ ഹജ്ജിനെതും എന്നാണു പ്രതീക്ഷ. ഇതില്‍ 65 ശതമാനവും ജിദ്ദ വിമാനത്താവളം വഴിയാണ് എത്തുന്നത്.

NO COMMENTS

LEAVE A REPLY