സിപിഎം പിബി യോഗം ഇന്ന്; ഗീത ഗോപിനാഥിന്റെ നിയമനം ചര്‍ച്ചയായേക്കും

187

ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിനെതിരെ വി.എസ് അച്യുതാനന്ദനും ചില പാര്‍ട്ടി അനുകൂല സൈദ്ധാന്തികരും നൽകിയ കത്തുകൾ പിബിയിൽ വെച്ചേക്കും. വി.എസിന്റെ പദവിയും പിബിയിൽ ഉയര്‍ന്നുവന്നേക്കും.കൊൽക്കത്തയിൽ നടന്ന സിപിഎം സംഘടന പ്ളീനത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാനാണ് സിപിഎം പോളിറ്റ്ബ്യൂറോ യോഗം പ്രധാനമായും ചേരുന്നത്.
പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നത് കേരളത്തിലെയും പശ്ചിമബംഗാളിലെയും തെരഞ്ഞെടുപ്പ് കാരണം നീട്ടിവെച്ചിരുന്നു. ബംഗാളിൽ സംഘടന ശക്തിപ്പെടുത്താൻ സംസ്ഥാന പ്ലീനത്തിന് ധാരണയായിട്ടുണ്ട്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ ഇത് ആവശ്യമുണ്ടോ എന്ന് പിബി ആലോചിക്കും. പശ്ചിമബംഗാളിൽ തെറ്റ്തിരുത്താൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതിന് ശേഷവും കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള ഭിന്നതകൾ പാര്‍ടിക്കുള്ളിൽ തുടരുകയാണ്. കോണ്‍ഗ്രസ് ബന്ധനത്തെ അനുകൂലിച്ച് ഇര്‍ഫാൻ ഹബീബ് നൽകിയ കത്ത് ചര്‍ച്ച ചെയ്യേണ്ടതുണ്ടോ എന്ന കാര്യത്തിലും പിബിയിൽ യോജിപ്പില്ല.
ഈ വിഷയത്തിൽ ബംഗാൾ ഘടകത്തെ പ്രതിക്കൂട്ടിലാക്കുന്ന സമീപനം ഇനിയും തുടരുന്നത് ശരിയല്ലെന്ന വാദം ഒരു വിഭാഗം ഉന്നയിക്കും. പാര്‍ടി സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനമായാലേ ഔദ്യോഗിക പദവി ഏറ്റെടുക്കു എന്ന നിലപാട് വി.എസ് അച്യുതാനന്ദൻ കേന്ദ്ര നേതാക്കളെ അറിയിച്ചെന്നാണ് സൂചന. വി.എസിനെതിരെയുള്ള പരാതികൾ പരിശോധിക്കുന്ന പിബി കമ്മീഷന്റെ ഭാവി എന്താകണമെന്ന് ചര്‍ച്ച നടന്നേക്കും.
ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതിനെതിരെ വി.എസ്. നൽകിയ കത്ത് ജന.സെക്രട്ടറി പിബിയിൽ വെക്കുമെങ്കിലും തീരുമാനം മാറ്റില്ല എന്ന സൂചനയാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്.

NO COMMENTS

LEAVE A REPLY