അനെർട്ട് ചിത്രരചന മത്സരം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

135

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തോടനുബന്ധിച്ച് അനെർട്ടിന്റെ ആഭിമുഖ്യത്തിൽ ‘സൗരോർജം നല്ല ഭാവിക്കായി’ എന്ന വിഷയത്തിൽ എല്ലാ ജില്ലകളിലും ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ജലച്ചായ-ചിത്രരചന മത്സരം സംഘടിപ്പിക്കും. മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി. ഗവ. എച്ച്.എച്ച്.എസ്.എസിൽ ഇന്ന് (ഒക്‌ടോബർ 2) രാവിലെ 10.30ന് വൈദ്യുതി മന്ത്രി എം.എം. മണി നിർവഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും.

അനെർട്ട് ഡയറക്ടർ അമിത് മീണ സ്വാഗതവും ഊർജ വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക് മുഖ്യപ്രഭാഷണവും നടത്തും. കോർപ്പറേഷൻ കൗൺസിലർ ജയലക്ഷ്മി, വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് കുമാർ, ഡി.ഇ.ഒ. വിജയകുമാരി, എസ്.എം.വി. ഗവ. എച്ച്.എച്ച്.എസ്.എസ് പ്രിൻസിപ്പൽ വി വസന്ത കുമാരി, ഹെഡ്മാസ്റ്റർ സലിൽ കുമാർ എന്നിവർ സംസാരിക്കും.

അനെർട്ട് ജനറൽ മാനേജർ പി. ചന്ദ്രശേഖരൻ നന്ദി രേഖപ്പെടുത്തും. ജില്ലാതല മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5,000, 3,000, 1,500 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും നൽകും.

NO COMMENTS