നവകേരള സദസ്സിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം

12

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം. വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലയിലെ ആദ്യ നവകേരള സദസ്സ് ജന നിബിഢമായി. ആറുമണിക്ക് നിശ്ചയിച്ചിരുന്ന പരിപാടിക്കായി ഉച്ചതിരിഞ്ഞതോടെ തന്നെ ജനങ്ങളെത്തി ഇരിപ്പിടമുറപ്പിച്ചിരുന്നു.

നാലുമണി മുതല്‍ കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച നൃത്തപരിപാടിയും മജീഷ്യന്‍ ഹാരിസ് താഹയുടെ മാജിക്ക് ഷോയും ചലച്ചിത്ര പിന്നണി ഗായകന്‍ അതുല്‍ നറുകരയുടെ സോള്‍ ഓഫ് ഫോക്ക് സംഗീത പരിപാടിയും അരങ്ങേറി. കൃത്യം ആറുമണിക്ക് മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, വി.എന്‍.വാസവന്‍, വി.അബ്ദുറഹിമാന്‍ എന്നിവരെത്തി വി.ജോയ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ നവകേരള സദസിന് തുടക്കമിട്ടു. ഏഴുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുമെത്തി. മുഖ്യമന്ത്രി സദസിനെ അഭിസംബോധന ചെയ്തതിനു പിന്നാലെ ആറാം ക്ലാസുകാരൻ അക്ഷയ് ബിജു വരച്ച മുഖ്യമന്ത്രിയുടെ ചിത്രവും അദ്ദേഹ ത്തിന് സമ്മാനിച്ചു.

നവകേരള സദസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ നിവേദനങ്ങൾ നല്‍കുന്നതിനുള്ള സൗകര്യവുമൊരുക്കി യിരുന്നു. 26 കൗണ്ടറുകളിലൂടെ 8,716 അപേക്ഷകള്‍ സ്വീകരിച്ചു. വര്‍ക്കല നഗരസഭാ ചെയര്‍മാന്‍ കെ.എം.ലാജി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സംഘാടക സമിതി കണ്‍വീനര്‍ അനീഷ്‌കുമാര്‍, വര്‍ക്കല തഹസില്‍ദാര്‍ അജിത് ജോയ്, ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി, ശ്രീനാരായണ ധര്‍മസംഘം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, നടയറ മുസ്ലിം ജമാഅത്ത് ഇമാം സഅദുദ്ദീന്‍ നിസാമി, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും ഇന്നത്തെ നവകേരള സദസ്സിൽ പങ്കാളികളായി.

NO COMMENTS

LEAVE A REPLY