മഴക്കാല രോഗങ്ങള്‍ – ജാഗ്രത വേണം –

337

കാസർഗോഡ് : മഴക്കാലത്തോടനുബന്ധിച്ച് ജില്ലയില്‍ പനി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ആശുപത്രി അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും നിതാന്തമായ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) അറിയിച്ചു. പനിയോടൊപ്പം മഞ്ഞപ്പിത്തം, വയറിളക്കം മുതലായ ജലജന്യരോഗങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ടെങ്കിലും അവയെല്ലാം നിയന്ത്രണ വിധേയമാണ്. മഞ്ഞപ്പിത്ത രോഗത്തിനെതിരെ ഊര്‍ജിതമായ പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി പനി, കൊതുകുജന്യ-ജല ജന്യരോഗങ്ങള്‍ക്കെതിരെ ബോധവത്കരണവും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.

പനി ഒരു രോഗലക്ഷണമാണ്

വൈറസ്, ബാക്ടീരിയ തുടങ്ങി ഏതുതരം രോഗാണുക്കളും ശരീരത്തില്‍ പ്രവേശിച്ചാല്‍ പനിയിലൂടെയാണ് (ശരീരത്തിന്റെ താപനില ഉയര്‍ത്തിയാണ്) ശരീരം പ്രതികരിക്കുന്നത്. പനി ലക്ഷണങ്ങള്‍ വന്നാല്‍, ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ഏതുതരം പനിയാണെന്ന് നിര്‍ണയിച്ച്, തുടര്‍ ചികിത്സ ഉറപ്പാക്കണം.സ്വയം ചികിത്സ നടത്തി രോഗം മൂര്‍ഛിക്കാന്‍ ഇടവരുത്തരുത്.

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്കുട്ടികള്‍ക്കുണ്ടാകുന്ന ഏതുതരം ശാരീരിക അസ്വസ്ഥതകളും ഗൗരവത്തോടെ കാണണം. കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ രോഗ പ്രതിരോധശേഷി കുറവാണ്.പനി ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടന്‍ തന്നെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയെ സമീപിക്കുക.കുട്ടികളെ കെട്ടി നില്‍ക്കുന്ന വെള്ളത്തിലും ചെളിയിലും മണ്ണിലും കളിക്കാന്‍ അനുവദിക്കരുത്. ജലദോഷം ചുമ, തുമ്മല്‍ എന്നിവ ഉള്ളപ്പോള്‍ പരിപൂര്‍ണ വിശ്രമം നല്‍കണം. ചൂടുള്ളതും നന്നായി പാകം ചെയ്തതുമായ ഭക്ഷണം ഇടയ്ക്കിടെ ചെറിയ അളവില്‍ നല്‍കണം. കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നല്‍കുക. പ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യസമയത്ത് നല്‍കി എന്ന് ഉറപ്പു വരുത്തണം. പനിയുള്ളപ്പോള്‍ മറ്റു കുട്ടികളോടൊത്ത് കളിക്കാന്‍ അനുവദിക്കരുത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാന്‍ ശീലിപ്പിക്കുക.

വിദ്യാലയം അധികൃതരുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്

കുട്ടികള്‍ അധിക സമയവും ചെലവഴിക്കുന്നത് വിദ്യാലയത്തില്‍ ആയതിനാല്‍ അധ്യാപകര്‍ വളരെയധികം ശ്രദ്ധിക്കണം. പനിയോ മറ്റെന്തെങ്കിലും ശാരീരിക അസ്വസ്ഥതയോ, ഊര്‍ജസ്വലത ഇല്ലായ്മയോ, ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും വേണം. അടുത്തുള്ള ആശുപത്രിയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ഫോണ്‍ നമ്പര്‍ വാങ്ങി സൂക്ഷിക്കുക. ആര്‍ക്കെങ്കിലും പനിയോ, ചുമയോ, ഉണ്ടെങ്കില്‍ മറ്റു കുട്ടികളുമായി സമ്പര്‍ക്കം വരാത്ത തരത്തില്‍ വിശ്രമിക്കാന്‍ അനുവദിക്കുക. ജലസംഭരണികളിലും കിണറുകളിലും കോറിനേഷന്‍ നടത്തണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിച്ച് കൊതുകുവളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വാഹനയാത്രകളില്‍ സുരക്ഷിതത്വം ഉറപ്പാക്കുക.

തൊഴിലുറപ്പ് പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്എലിപ്പനിയും മറ്റുജലജന്യരോഗങ്ങളും വരാന്‍ സാധ്യത ഉള്ളതിനാല്‍ പ്രതിരോധ ഗുളികകള്‍ കഴിക്കണം.എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുഖാന്തിരം സൗജന്യമായി ലഭിക്കും. കൈകാലുകളില്‍ മുറിവുള്ളവര്‍ കഴിവതും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുകയോ, മലിനജലം, മണ്ണ്, എന്നിവയുമായി മുറിവ് സമ്പര്‍ക്കത്തില്‍ വരാതിരിക്കാന്‍ കൈയ്യുറയോ, ഗം ബൂട്ടുകളോ ധരിക്കുകയും വേണം. കൊതുക് കടികൊള്ളുന്നത് ഒഴിവാക്കാന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കാം. പനിയോ, മറ്റു രോഗലക്ഷണങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുക. നന്നായി വിശ്രമിക്കുകയും തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുകയും ചെയ്യണം.

NO COMMENTS