കോട്ടയം: ഉറങ്ങിക്കിടന്ന മധ്യവയസ്‌കയെ, മാനസികവിഭ്രാന്തിയുള്ള മരുമകന്‍ തലക്കടിച്ച് കൊലപ്പെടുത്തി. കോട്ടയം കൈപ്പുഴ ഹരിജന്‍ കോളനിയിലെ ശ്യാമളയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. മകളുടെ ഭര്‍ത്താവ് നിഷാന്തിനെ ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ ഹരിജന്‍ കോളനിയിലുള്ള വീട്ടില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ശ്യാമളയെ തലക്കടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ അയല്‍വാസികള്‍ കാണുന്നത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ പൊലീസെത്തി പരിശോധന നടത്തി. തലേന്ന് രാത്രി മകള്‍ സുഷമയും മരുമകന്‍ നിഷാന്തും വീട്ടിലെത്തിയിരുന്നതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ രാവിലെ ഇവരെ ആരെയും കാണാതിരുന്നത് ദുരൂഹത വര്‍ദ്ദിപ്പിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മെഡിക്കല്‍ കോളേജ് പരിസരത്തുനിന്ന് നിഷാന്തിനെ പിടികൂടി. ഗാന്ധിനഗര്‍ സ്‌റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. രാത്രിയില്‍ ശ്യാമള സുഷമയെ മര്‍ദ്ദിക്കുന്നതായി തോന്നിയെന്നും ഇതെത്തുടര്‍ന്ന് ഉലക്ക ഉപയോഗിച്ച് ശ്യാമളയുടെ തലക്കടിക്കുകയായിരുന്നെന്നും നിഷാന്ത് പറഞ്ഞു. ഉറക്കത്തിലായിരുന്ന ശ്യാമള അടിയേറ്റ് അബോധാവസ്ഥയിലായി. അമ്മ ഉറങ്ങുകയായിരിക്കുമെന്ന് കരുതി രാവിലെ ജോലിക്ക് പോയ സുഷമ, പൊലീസ് പറയുന്‌പോഴാണ് കൊലപാതക വിവരം അറിയുന്നത്. നിഷാന്ത് മാനസികവിഭ്രാന്തിയുള്ള ആളാണെന്ന് പോലീസ് പറയുന്നു. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ശ്യാമള ഒരു മാസം മുമ്പാണ് കൈപ്പുഴയിലുള്ള വീട്ടിലെത്തിയത്. വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി അടുത്ത മാസം തിരിച്ച് പോകാനിരിക്കുകയായിരുന്നു.