വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെതു രാജ്യാന്തര പ്രശ്നങ്ങളിന്മേലുള്ള ഉറച്ച ശബ്ദമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

195

ന്യൂ‍ഡല്‍ഹി• വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റേതു രാജ്യാന്തര പ്രശ്നങ്ങളിന്മേലുള്ള ഉറച്ച ശബ്ദമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള സുഷമയുടെ പ്രസംഗത്തിന് മോദി അഭിനന്ദനം അറിയിച്ചു. ട്വിറ്ററിലൂടെയാണ് മോദി ആശംസയറിയിച്ചത്. കശ്മീര്‍ വിഷയം മാത്രമുന്നയിച്ചു പ്രസംഗിച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വാക്കുകള്‍ക്കുള്ള മറുപടിയായിരുന്നു സുഷമയുടെ പ്രസംഗം.പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞ സുഷമ, കശ്മീര്‍ ഇന്ത്യയുടേതാണെന്നും അതു സ്വപ്നം കാണുകപോലും വേണ്ടെന്നും പറഞ്ഞു. കശ്മീര്‍ എക്കാലവും ഇന്ത്യയുടേതായിരിക്കും. കശ്മീരിനെ ഇന്ത്യയില്‍നിന്ന് ആര്‍ക്കും വേര്‍പ്പെടുത്താനാകില്ല.പാക്കിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോള്‍ തിരികെ കിട്ടിയത് ഭീകരതയാണെന്നും സുഷമ ആരോപിച്ചു.