മുംബൈ ഭീകരാക്രമണം: വിശദീകരണവുമായി ചൈന

208

ബെയ്ജിങ് ∙ മുംബൈ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാന്റെ ഗൂഢാലോചനയുണ്ടെന്നു വ്യക്തമാക്കുന്ന ഡോക്യുമെന്ററി സർക്കാർ നടത്തുന്ന ടിവി ചാനലുകൾ സംപ്രേഷണം ചെയ്തതിൽ വിശദീകരണവുമായി ചൈന. ഡോക്യുമെന്ററിയിൽ പറഞ്ഞിരിക്കുന്നത് ചൈനീസ് സർക്കാരിന്റെ അഭിപ്രായമല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുഎസ് നിർമിച്ച ഡോക്യുമെന്ററിയുടെ ചൈനീസ് പരിഭാഷ പ്രദർശിപ്പിക്കുക മാത്രമാണ് ചെയ്തത്. ഭീകരവാദത്തിനെതിരായ ചൈനയുടെ നിലപാടിൽ മാറ്റമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ അറിയിച്ചു. സംഭവം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുകയും ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് വിശദീകരണവുമായി ചൈന രംഗത്തെത്തിയത്.

2008 ലെ ഭീകരാക്രമണം നടത്തിയവരിൽ ജീവനോടെ പിടികൂടിയ അജ്മൽ കസബിന്റെ കുറ്റസമ്മത മൊഴികളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തിനു പിന്നിൽ ലഷ്കറെയാണെന്നു വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി. കഴിഞ്ഞ മാസം രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചൈന സന്ദർശത്തിന് ഏതാനും ആഴ്ച മുൻപാണു ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ഷാങ്ഹായ് ടെലിവിഷനിൽ ഡോക്യുമെന്ററി സംപ്രേഷണം നടത്തിയത്. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രണവും നടത്തിപ്പുമടക്കം വിശദമായി പ്രതിപാദിക്കുന്നതാണ് ഡോക്യുമെന്ററി.

NO COMMENTS

LEAVE A REPLY