കുടിവെള്ള ക്ഷാമം നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി ജി.ആർ അനിൽ

9

വേനൽക്കാലം മുന്നിൽ കണ്ട് കുടിവെള്ളക്ഷാമം രൂക്ഷമാകാതിരിക്കാൻ ജില്ലാ ഭരണകൂടം മുൻകരുതൽ നടപടി കൾ സ്വീകരിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ജില്ലാ വികസന സമിതിയുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നെടുമങ്ങാട് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും വഴയില-നെടുമങ്ങാട് റോഡ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണ മെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് മന്ത്രി നിർദേശിച്ചു.

ശ്രീകാര്യം മിനി സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ആവശ്യപ്പെട്ടു. പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെൽത്ത് സെന്ററിന് കീഴിലുള്ള മണ്ണന്തല സബ്‌സെന്ററിന്റെ അടിസ്ഥാനസൗകര്യങ്ങൾ കൂട്ടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

അഴൂർ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിക്കായി സ്ഥലം വിട്ടുനൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വി.ശശി എം.എൽ.എ പറഞ്ഞു. ടി.എസ് കനാലിന് കുറുകെയുള്ള പാലങ്ങളുടെ നിർമാണം സംബന്ധിച്ചും സെന്റ് ആഡ്രൂസ് പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.

അരുവിക്കര ആദിവാസി മേഖലയിലെ കുട്ടികൾക്ക് ഡിജിറ്റൽ പഠനത്തിനാവശ്യമായ ഇന്റർനെറ്റ് കണക്ടിവിറ്റി പ്രശ്‌നം പരിഹരിക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ അഭിപ്രായപ്പെട്ടു. നെടുമങ്ങാട് – ആര്യനാട്, വിതുര – ബോണക്കാട് റോഡുകളുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട തടസങ്ങൾ ഒഴിവാക്കുന്നതിന് റവന്യൂ-സർവേ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര വെൺപകൽ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ രാത്രി കാലങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.ആൻസലൻ എം.എൽ.എ നിർദേശിച്ചു.

ആറ്റിങ്ങൽ മണ്ഡലത്തിലെ വിവിധ പാലങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് എം.എൽ.എ ഒ.എസ് അംബിക വിലയിരുത്തി. കിളിമാനൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിലെ ടാറിങ് പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർക്ക് നിർദേശം നൽകി.

വർക്കല അയിരൂർ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടുനൽകുന്ന വിഷയത്തിൽ തുടർനടപടികളെ സംബന്ധിച്ച് വി.ജോയ് എം.എൽ.എ സംസാരിച്ചു. കരമനയാറിലെ വെള്ളൈക്കടവ് ഭാഗത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കാൻ പാലത്തിനിരുവശവും വേലി സ്ഥാപിക്കണമെന്ന് ഐ.ബി സതീഷ് എം.എൽ.എ നിർദേശിച്ചു.

കളക്ടറേറ്റ് ജംഗ്ഷൻ വികസനത്തിനും കവാടം വലുതാക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഭൂമി വിട്ടു നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ വി.കെ പ്രശാന്ത് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോവളം തീരദേശ വില്ലേജുകളിലെ പട്ടയ അപേക്ഷകളിൽ സർവേ, റിപ്പോർട്ടിംഗ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും മണ്ഡലത്തിൽ കൂടുതൽ അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കണമെന്നും എ. വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ മുഹമ്മദ് സഫീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.പിമാരുടെയും എം.എൽഎമാരുടെയും പ്രതിനിധികളും വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു.

NO COMMENTS