മാലിന്യക്കൂമ്പാരത്തിൽ നിന്ന് പച്ചത്തുരുത്തിലേക്ക് നടന്ന് ഉള്ളൂർ അനുപമ നഗർ

19

നഗരമധ്യത്തിൽ മാലിന്യം നിക്ഷേപിച്ചിരുന്ന പാഴ് പ്രദേശം ഇനി ജൈവ വൈവിധ്യം നിറഞ്ഞ പച്ചത്തുരുത്താണ്. ഉള്ളൂർ വാർഡിലെ അനുപമ നഗറിൽ മാലിന്യക്കൂമ്പാരമായിരുന്ന എട്ടര സെന്റ് പൊതുസ്ഥലമാണ് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പച്ചത്തുരുത്താകുന്നത്. ഇതിന്റെ ഉദ്ഘാടനം നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ സീമ നിർവഹിച്ചു.

തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം വൃത്തിയാക്കിയത്. മരത്തൈകൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, ഔഷധ, ഫലവൃക്ഷ തൈകൾ എന്നിവ വെച്ചുപിടിപ്പിച്ച് ചെറുവനം നിർമ്മിക്കുക യാണ് ലക്ഷ്യം.

പച്ചത്തുരുത്തിന്റെ സൗന്ദര്യവത്കരണ പ്രവർത്തികൾ കോസ്റ്റ് ഫോർഡിന്റെ സഹായത്തോടെ പൂർത്തിയാക്കും. പൊതുജനങ്ങൾക്ക് വിശ്രമിക്കുന്നതിനായി പ്രകൃതി സൗഹൃദ ഇരിപ്പിടങ്ങൾ നിർമ്മിക്കും. പച്ചത്തുരുത്തിന്റെ പരിപാലന ചുമതല അനുപമ നഗർ റസിഡന്റ് അസോസിയേഷനാണ് നൽകിയിരിക്കുന്നത്.

വാർഡ് കൗൺസിലർ എൽ.എസ് ആതിര, ഹരിത കേരളം മിഷൻ അഡ്മിനിസ്‌ട്രേഷൻ ഓഫീസർ എസ്. ഇന്ദു, ടെക്‌നിക്കൽ ഓഫീസർ വി.വി ഹരിപ്രിയ, ജില്ലാ കോഡിനേറ്റർ ഡി.ഹുമയൂൺ തുടങ്ങിയവരും റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.

NO COMMENTS