ഗാന്ധി ജയന്തി: കളക്ടറേറ്റും ജില്ലാ പഞ്ചായത്ത് പരിസരവും ശുചീകരിച്ചു

9

ഗാന്ധി ജയന്തിയുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെയും നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റും ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരവും ശുചീകരിച്ചു.

ഉദ്യോഗസ്ഥര്‍, നെഹ്‌റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍മാരുടെയും ശുചിത്വ മിഷന്റെയും പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. ജീവിതത്തിന്റെ എല്ലാ മേഖലയിലും ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത കര്‍മ്മ ധീരനാണ് മഹാത്മജി. അദ്ദേഹത്തിന്റെ ജന്മദിനം ശുചീകരണം ഉള്‍പ്പെടെയുള്ള ഗുണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യം ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞൂ.

കര്‍മ്മ രംഗത്ത് ഗാന്ധി ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. മഹാത്മാ ഗാന്ധി എല്ലാ അര്‍ഥത്തിലും സമൂഹത്തിന് വഴികാട്ടിയായിരുന്നെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ശുചീകരണത്തില്‍ എഡിഎം അലക്‌സ് പി. തോമസ്, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ്. ഹനീഫ്, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അജയ്, നെഹ്‌റു യുവകേന്ദ്ര വോളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS