ശാന്തി വനം – ടവർ നിർമ്മാണത്തിനെതിരെ തലസ്ഥാനത്തേക്ക് എറണാകുളം സ്വദേശിയുടെ ബൈക്ക് യാത്ര.

226

എറണാകുളം : മരങ്ങൾക്കു വേണ്ടിയുള്ള ധർമ്മസമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാന്തിവനം സംരക്ഷണ സമിതി പ്രവർത്തകനായ വൈശാഖ്‌ ശാന്തി വനം സംരക്ഷിക്കുക എന്ന പ്ലക്കാർഡുമായി എറണാകുളം പറവൂരിൽ നിന്നും ടൂ വീലറിൽ തിരുവനന്തപുരത്തേക്ക്‌ എത്തി. പച്ചപ്പും നിലനില്പും മുൻതൂക്കം നൽകുന്ന തിരുവനന്തപുരത്തെ സുഹൃത്തുക്കൾ അദ്ദേഹത്തെ മേയ് എട്ടാം തീയതി ബുധനാഴ്ച വൈകിട്ട് 4 മണിക്ക് മാനവീയം വീഥിയിൽ സ്വീകരിച്ചു .ശാന്തിവനത്തിൽ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതാണ് എന്ന ആവശ്യവുമായി ശാന്തിവനം സംരക്ഷണ സമിതി നടത്തിയ പത്രസമ്മേളനത്തിൽ സംരക്ഷണസമിതിക്ക് പറയാനുള്ള വസ്തുതകളാണിവ.

1. കോടതിവിധിയുടെ പറയുന്ന പ്രകാരം ശാന്തിവനം ഉടമസ്ഥയായ മീനാ മേനോന് മറ്റ് ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ ഈ അലൈൻമെന്റ് മാറ്റിയെടുക്കാനുള്ള സാധ്യതകൾ നിലനിൽക്കെ അതിനെ മാനിക്കാതെ ആണ് വിധി പകർപ്പ് കയ്യിൽ കിട്ടാൻ പോലും കാത്തുനിൽക്കാതെ കെഎസ്ഇബി ഏപ്രിൽ ആറാം തീയതി രാവിലെ തന്നെ ശാന്തി വനത്തിലേക്ക് ജെസിബി യുമായി പ്രവേശിക്കുകയും വൻ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തത്. ഇത് കോടതി അലക്ഷ്യം ആണ്.

2. വനം വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറും ശാന്തിവനം സന്ദർശിച്ച്‌ അനീതി ബോധ്യപ്പെട്ട ശേഷം നടത്തിയ ആദ്യ മീറ്റിംഗിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ ശാന്തിവനം ജൈവസമ്പത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ‘ഫോറസ്റ്റ്’ എന്ന നിർവചനത്തിൽ ‘ശാന്തിവനം’ ഉൾപ്പെടുത്താവുന്നതാണെന്നും പറയുകയുണ്ടായി. മാത്രമല്ല, കെഎസ്ഇബി മരങ്ങൾ മുറിച്ചു മാറ്റിയത് സോഷ്യൽ ഫോറസ്ട്രി യുടെ അനുമതിയോടെ അല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

3. കോടതി ഉത്തരവിലെ സാധ്യതകളുടെ അടിസ്ഥാനത്തിൽ ശാന്തിവനം ഉടമ മീന മേനോൻ വീണ്ടും കളക്ടറുടെ മുന്നിൽ ഒരു മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ കളക്ടർ മെമ്മോറാണ്ടത്തെക്കുറിച്ച് യാതൊരു വിധത്തിലുള്ള മറുപടിയും നൽകിയിട്ടില്ല.

4. ഈ സാഹചര്യത്തിൽ നമ്മൾ നിയമപരമായ കാര്യങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിനുമുൻപുണ്ടായ കേസിൽ, കെ എസ് ഇ ബി വ്യാജരേഖകൾ നിരത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ മുതിർന്നു എന്നത് വളരെ ഗൗരവമേറിയ കുറ്റമാണ്.

a. കോടതിയിൽ കേസ് നിലനിൽക്കുന്ന സമയത്ത് തന്നെ ഇലക്ട്രിക് ലൈൻ വലിക്കൽ ഏതാണ്ട് പൂർണമായി കഴിഞ്ഞു എന്ന് പറഞ്ഞത് തികച്ചും തെറ്റാണ്.

b. മൂന്നാമത്തെ കാവിന്റെ സ്ഥാനം തെറ്റായി രേഖപ്പെടുത്തിയ റൂട്ട് മാപ്പാണ് കോടതിയിൽ ഹാജരാക്കിയത്. ഇത് പ്രകാരമാണ് നേർരേഖയിൽ വലിച്ചാൽ രണ്ട് കാവുകൾ ബാധിക്കുമെന്ന് അവർ കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.

c. കൂടാതെ, കോടതിയിൽ കേസ് വരുന്ന സമയത്തിനകം തന്നെ കെ എസ് ഇ ബി ശാന്തിവനത്തിനകത്ത് മാത്രം 10.5 ലക്ഷത്തിന് പണികൾ നടത്തിയതായാണ് അവർ കോടതിയിൽ രേഖാമൂലം ബോധിപ്പിച്ചത്. എന്നാൽ ആ സമയത്തിനകം വാസ്തവത്തിൽ മൂന്നുമണിക്കൂറോളം ഉണ്ടാക്കിയ നാശനഷ്ടങ്ങളും ഒരു കുഴിയെടുക്കലും മാത്രമാണ് നടത്തിയിരുന്നത്. ഇതിന്റെ ചിലവ് ഏതാണ്ട് മൂവായിരം രൂപയിൽ കൂടുതൽ വരില്ല എന്നതാണ് സത്യം. എന്നാൽ ശാന്തിവനത്തിനു ഭീമമായ നഷ്ടം സംഭവിക്കുകയും ചെയ്തു.

5. കളക്ടറുടെ ഇപ്പോഴത്തെ തീരുമാനത്തിന് മുൻപുണ്ടായ ചർച്ച വെറും പ്രഹസനമായിപ്പോയി. ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുൻപ് തന്നെ കെ എസ് ഇ ബിയുടെ പത്രപ്രസ്താവന വരികയും അതിൽ പറഞ്ഞ കാര്യങ്ങൾ തന്നെ നമ്മളെ വിളിച്ചിരുത്തി കളക്ടർ പറഞ്ഞു കേൾപ്പിക്കുകയും മാത്രമാണുണ്ടായത്.

6. ഇപ്പോഴത്തെ തീരുമാനത്തിൽ , മുറിക്കുന്ന മരങ്ങളുടെ എണ്ണത്തെക്കുറിച്ച് മാത്രമാണ് കളക്ടർ തീരുമാനമെടുത്തത്. മറിച്ച് ശാന്തിവനത്തിന്റെ ആവാസവ്യവസ്ഥയിൽ 110KV ലൈൻ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചോ, അവിടെ ഇതിനകം ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ചോ, അലൈന്മെന്റിൽ സംഭവിച്ചിട്ടുള്ള അന്യായത്തെക്കുറിച്ചോ യാതൊന്നും പ്രതിപാദിക്കുന്നില്ല. മാത്രമല്ല അവയെ കുറിച്ച് പഠിക്കാൻ കമ്മിറ്റിയെ വയ്ക്കണമെന്ന നമ്മുടെ ആവശ്യങ്ങളിൽ തികച്ചും മൗനം പാലിക്കുകയാണ് കളക്ടർ ചെയ്തത്.

ഈയൊരു പശ്ചാത്തലത്തിൽ സമരസമിതിയുടെ തീരുമാനങ്ങൾ ഇവയാണ്.1. ശാന്തി വനത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള ബദൽ സാധ്യതകൾ പരിഗണിക്കണം.

2. ശാന്തിവനത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താനും 110 കെവി ലൈൻ ശാന്തിവനത്തിന്റെ ആവാസവ്യവസ്ഥയിൽ ഉണ്ടാക്കിയിട്ടുള്ളതും ഇനി ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാനും ഒരു വിദഗ്ധ കമ്മിറ്റിയെ ചുമതലപ്പെടുത്തണം. പഠനത്തിനായി അവിടെ നടക്കുന്ന നിർമ്മാണപ്രവർത്തനങ്ങൾ ഉടനടി നിർത്തിവയ്ക്കണമെന്നും സമരസമിതി ആവശ്യപ്പെടുന്നു.

3. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് കെഎസ്ഇബിയുടെ തീരുമാനം പുനപരിശോധിക്കുകയും ശാന്തിവനം സംരക്ഷിച്ചുകൊണ്ട് മന്നം ചെറായി 110 കെവി പദ്ധതി നടപ്പാക്കുകയും വേണം

4. അല്ലാത്തപക്ഷം നിസ്സഹായ അവസ്ഥയിൽ ഉള്ള ഒരു വ്യക്തി കാത്ത് സൂക്ഷിക്കുന്ന ജൈവ സമ്പത്തിന് നേരെ നടന്ന അന്യായം വെളിച്ചത്തു കൊണ്ടുവരുവാൻ ഉതകുന്ന /വിധത്തിൽ ജനകീയ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്.

ശാന്തിവനം സംരക്ഷണ സമിതി. പ്രൊഫ്‌. എംകെ പ്രസാദ് ,പ്രൊഫ്‌. ശോഭീന്ദ്രൻ ,അഡ്വ : ശിവൻ മഠത്തിൽ ,സലീന മോഹൻ,പ്രൊഫ. കുസുമം ജോസഫ് (കൺവീനർ)

NO COMMENTS