കോണ്‍ഗ്രസ് കാണിക്കാത്ത രാഷ്ട്രീയ ബുദ്ധി സിപിഎം കാണിച്ചെന്ന് കേരളാ കോണ്‍ഗ്രസ്

150

കോണ്‍ഗ്രസ് കാണിക്കാതിരുന്ന രാഷ്‌ട്രീയ ബുദ്ധി സി.പി.ഐ(എം) കാണിച്ചെന്നാണ് കോടിയേരിയുടെ മൃദുസമീപനത്തോടുള്ള കേരള കോണ്‍ഗ്രസിന്റെ പ്രതികരണം. ഇതിനിടെ യു.ഡി.എഫ് വിടാനുള്ള തീരുമാനം പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്തതാണെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് പ്രതികരിച്ചു.
സി.പി.ഐഎമ്മിനോട് പ്രശ്നാധിഷ്‌ഠിത സഹകരണമെന്നാണ് ചരല്‍ക്കുന്നില്‍ കേരള കോണ്‍ഗ്രസ് രൂപീകരിച്ച രാഷ്‌ട്രീയ ലൈന്‍. ഇതു തിരിച്ചുമാകാമെന്നാണ് സി.പി.ഐ(എം) പ്രതികരിക്കുന്നത് . കോണ്‍ഗ്രസ് കാണിക്കാതിരുന്ന രാഷ്‌ട്രീയ ബുദ്ധി സി.പി.ഐ(എം) കാണിക്കുന്നുവെന്നാണ് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവിന്‍റെ പ്രതികരണം. കൈ കാണിച്ചു വിളിക്കുന്നവര്‍ക്കെല്ലാം ഉടനടി കൈ കൊടുക്കാനില്ല. അതേ സമയം തങ്ങളുടെ നിലപാടിന് സ്വീകാര്യത വര്‍ധിക്കുന്നതില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സന്തോഷവുമുണ്ട്. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് യു.ഡി.എഫ് വിടാനുള്ള തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് പി.ജെ ജോസഫ് അടിവരയിട്ടതോടെ പാര്‍ട്ടിക്ക് കൂടുതല്‍ ആശ്വാസവുമായി.
പാര്‍ട്ടി തീരുമാനം തിരുത്താനുള്ളതല്ലെന്നാണ് കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസ് നല്‍കുന്ന മറുപടി. തെറ്റു ചെയ്തവരാണ് തിരുത്തേണ്ടതെന്ന് ജോസഫ് എം. പുതുശേരി പറഞ്ഞു. അതേ സമയം ആരു പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞ് കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി കേരള കോണ്‍ഗ്രസിന് ശക്തമായൊരു തിരിച്ചടിയും ഇന്ന് നല്‍കി. കല്ലാനിയുടെ ആത്മവിശ്വാസം കോണ്‍ഗ്രസിനെ രക്ഷിക്കട്ടെയന്നാണ് ഇതിന് കേരള കോണ്‍ഗ്രസ് തിരിച്ചടിച്ചത്. പാര്‍ട്ടിയെ കായികമായി നേരിടാനിറങ്ങിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് കോണ്‍ഗ്രസിന് യൂത്ത് ഫ്രണ്ടിന്റെ മുന്നറിയിപ്പ്.

NO COMMENTS

LEAVE A REPLY