സൗദി വിസ നിരക്കുകളിൽ വൻ വർധനവ്;ആശങ്കയോടെ പ്രവാസികൾ

204

ജിദ്ദ:സൗദിയിലേക്കുള്ള പ്രവേശന വിസ നിരക്കുകളിൽ വൻ വർധനവ് നടപ്പിലാക്കിക്കൊണ്ടുള്ള തീരുമാനം കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് രാജകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സൗദി കാബിനറ്റ് പ്രഖ്യാപിച്ചു.

പുതിയ നിയമ പ്രകാരം രാജ്യത്തേക്കുള്ള ഓരോ പ്രവേശന വിസക്കും 2000 റിയാൽ ഫീസ് ഈടാക്കും. ഇതിൽ നിന്നും ആദ്യമായി ഉംറക്കും ഹജ്ജിനും വരുന്നവരെ ഒഴിവാക്കും.രണ്ടാമത്തെ തവണ ഉംറക്കും ഹജ്ജിനും വരുന്നവർ 2000 റിയാൽ ഫീസ് നൽകേണ്ടി വരും. വിസിറ്റിംഗ് വിസകൾക്കോ ഫാമിലി വിസകൾക്കോ കുടുംബത്തെ കൊണ്ട് വരണമെങ്കിൽ സ്റ്റാംബിംഗ് ഫീസ് ഇനി 2000 റിയാൽ നൽകണം. നേരത്തേ 200 റിയാലായിരുന്നു വിസിറ്റിംഗ് വിസ സ്റ്റാംബിംഗ് ഫീസ്.

റി എൻട്രി വിസ ഇഷ്യൂ ചെയ്യുന്നത് രണ്ട് മാസത്തിൽ കൂടുതലാണെങ്കിൽ ഓരോ മാസത്തിനും 100 റിയാൽ അധികം നൽകണം. അഥവാ ആറു മാസത്തെ റി എൻട്രിക്ക് പോകുന്നവർ 600 റിയാൽ നൽകണം എന്നർത്ഥം.

മൾട്ടി റി-എൻട്രി വിസയുടെ ഫീസ് 3 മാസത്തേക്ക് 500 റിയാലായിരിക്കും. 3 മാസത്തിലധികമുള്ള ഓരോ മാസത്തിനും 200 റിയാൽ വീതം അധികം നൽകണം.

ആറു മാസത്തെ കാലവധിയുള്ള മൾട്ടി എൻ ട്രി വിസിറ്റിംഗ് വിസക്ക് ഇനി 3000 റിയാലായിരിക്കും ഫീസ്. ഒരു വർഷത്തെ മൾട്ടി എൻട്രി വിസിറ്റിംഗ് വിസക്ക് 5000 റിയാലും രണ്ടു വർഷത്തെ മൾട്ടി എൻട്രി വിസിറ്റിംഗ് വിസക്ക് 8000 റിയാലുമായിരിക്കും ഫീസ്.

സൗദിയിലെ തുറമുഖങ്ങൾ വഴി പുറത്ത് പോകുന്നവർക്ക് 50 റിയാൽ നിർഗമന ഫീസ് ആയി നൽകണമെന്നും പുതിയ തീരുമാനത്തിലുണ്ട്.

പുതിയ തീരുമാനം പ്രവാസികളെ സാരമായി ബാധിക്കും. കുടുംബത്തെ വിസിറ്റിംഗ് വിസക്ക് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവർക്കും രണ്ടാമത് ഉംറക്കോ ഹജ്ജിനോ വരാൻ ഉദ്ദേശിക്കുന്നവർക്കും ഇത് വൻ തിരിച്ചടിയാകും. ആവർത്തിച്ചുള്ള ഉംറക്കാർക്ക് 2000 റിയാൽ ഫീസ് നൽകേണ്ടി വരുമെന്നത് തീർഥാടകർക്ക് പുറമേ ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലെ ഉംറ സർവീസുകാരെയും പ്രതികൂലമായി ബാധിച്ചേക്കും.

സാധാരണ 6 മാസത്തെ റി എൻ ട്രി വിസക്ക് സ്വദേശങ്ങളിലേക്ക് പോയിരുന്നവർക്ക് പുതിയ തീരുമാനത്തോടെ 400 റിയാലിന്റെ അധിക ബാധ്യതയാണു വരുന്നത്. കുടുംബാംഗങ്ങളെ ദീർഘ അവധിയിൽ നാട്ടിലേക്കയക്കുന്നവർക്ക് ഓരോ കുടുംബാംഗത്തിനും റി-എൻ ട്രി വിസക്ക് അധിക ഫീസ് നൽകേണ്ടി വരികയാണെങ്കിൽ അത് വലിയ ഇടിത്തീയായി മാറും.

എണ്ണേതര സ്രോതസ്സുകളിൽ നിന്ന് വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി കൈക്കൊണ്ട പുതിയ തീരുമാനം ഒക്ടോബർ 2 ( മുഹറം 1 ) മുതൽ നിലവിൽ വരും.

NO COMMENTS

LEAVE A REPLY