ശബരിമല വിഷയത്തില്‍ വിവാദപോസ്റ്റിന്‍റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം

250

തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദനന് നേരെ ആക്രമണം. തൃശ്ശൂ‍ര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍ വച്ചാണ് ആക്രമണമുണ്ടായത്. ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചെന്നും മര്‍ദ്ദിച്ചെന്നും വീടിന് മുന്നില്‍ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു. മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടര്‍ന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിന്‍വലിക്കുകയാണെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടര്‍ന്നു. പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ ചെയ്യുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് പ്രിയനന്ദനന്‍റെ വീടിന് മുന്നില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ എത്തിയത്. വീടിന് മുന്നില്‍ പ്രതിഷേധിച്ച ഇവര്‍ പ്രിയനന്ദനനെ ആക്രമിച്ചു. മര്‍ദ്ദിക്കുകയും വീടിന് മുന്നില്‍ ചാണകവെള്ളം തളിക്കുകയും അസഭ്യം വിളിച്ചുപറയുകയും ചെയ്തെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി. ‘അയ്യപ്പനെതിരെ നീ സംസാരിക്കുമോ?’ എന്ന് ചോദിച്ചാണ് തല്ലിയതെന്ന് പ്രിയനന്ദനന്‍ പറയുന്നു. സ്ഥലത്ത് തന്നെയുള്ള ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സ തേടിയ പ്രിയനന്ദനന്‍ ഉടന്‍ തന്നെ പൊലീസിന് പരാതി നല്‍കുമെന്നും വ്യക്തമാക്കി. എന്നാല്‍ ഈ ആക്രമണത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

NO COMMENTS