മീസില്‍സ്- റുബെല്ല പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി

354

തിരുവനന്തപുരം : ഒരു മാസം നീണ്ടുനില്‍ക്കുന്ന റൂബെല്ല, അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിന് തുടക്കമായി, സംസ്ഥാനതല ഉദ്ഘാടനം റണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു . എം.ആര്‍. വാക്സിന്‍ വിതരണത്തിലൂടെ പൊതുജനാരോഗ്യരംഗത്ത് ഒരു വലിയ ചുവടുവെപ്പ് നടത്തുവാന്‍ പോവുകയാണ് സംസ്ഥാന സര്‍ക്കാറെന്ന് മുഖ്യമന്ത്രി പറഞ്ഞു .എം.ആര്‍. (മീസില്‍സ്-റുബെല്ല) വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമെന്ന് ശാസ്ത്രീയപരീക്ഷണങ്ങളിലൂടെ പലയാവര്‍ത്തി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന്നും അദ്ധേഹം പറഞ്ഞു. മരണത്തില്‍ വരെ എത്താവുന്ന രോഗമാണ് മീസില്‍സ് അഥവാ അഞ്ചാം പനി. അമ്മമാരിലൂടെ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് പകരുന്ന അസുഖമാണ് റുബെല്ല. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ മാരകമായി ബാധിക്കുന്ന അസുഖമാണിത്. അങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക് അംഗവൈകല്യം, ബധിരത, അന്ധത എന്നിവ സംഭവിക്കാം. എന്നാല്‍, എം.ആര്‍ വാക്സിന്റെ ഒരൊറ്റ ഡോസ് കൊണ്ട് ഈ രണ്ട് മാരക അസുഖങ്ങളില്‍ നിന്നും നമ്മുടെ കുട്ടികള്‍ക്ക് സംരക്ഷണം ലഭിക്കും. ഐശ്വര്യപൂര്‍ണമായ ഒരു നാളേയ്ക്ക് വേണ്ടി ആരോഗ്യമുള്ള യുവതലമുറയാണ് വേണ്ടത്. കേരളത്തിലെ എല്ലാ കുട്ടികള്‍ക്കും എം.ആര്‍. വാക്സിന്‍ നല്‍കി ഈ വാക്സിനേഷന്‍ യജ്ഞം വിജയിപ്പിക്കണം. രാജ്യത്തിനായി പുതിയൊരു മാതൃക കൂടി നമുക്ക് സൃഷ്ടിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ മൂന്ന് വരെയാണ് ക്യാമ്പയിന്‍. ഒന്‍പതുമാസം മുതല്‍ 15 വയസുവരെയുള്ള സംസ്ഥാനത്തെ 76 ലക്ഷം കുട്ടികള്‍ക്കാണ് സൌജന്യ വാക്സിന്‍ നല്‍കുക. 2020 ഓടെ ഈ രോഗങ്ങള്‍ ഇല്ലാതാക്കാനാണ് കുത്തിവെപ്പിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകള്‍, അങ്കണവാടികള്‍, തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സൌകര്യമേര്‍പ്പെടുത്തി. സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രിമാരായ കെ കെ ശൈലജ, ഇ ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി തോമസ്, തോമസ്ചാണ്ടി എന്നിവര്‍ പങ്കെടുത്തു.

NO COMMENTS