മാണി പോയാല്‍ ഒരു ചുക്കും സംഭവിക്കില്ല : യൂത്ത് കോൺഗ്രസ്

182

കോട്ടയം∙ കെ.എം.മാണി മുന്നണി വിട്ടു പോയാല്‍ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് സി.ആർ.മഹേഷ്. അധികാരത്തോടുള്ള ആർത്തിയും കോഴക്കേസുകളിലെ അന്വേഷണങ്ങളിൽനിന്നു രക്ഷനേടാനുള്ള കപട തന്ത്രവുമാണ് ഇപ്പോഴത്തെ കാട്ടിക്കൂട്ടലുകൾ. പ്രതിസന്ധിയിൽ കൂടെ നിൽക്കാത്തവരെ ആർക്കാണ് ആവശ്യമെന്നും മഹേഷ് സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലിട്ട കുറിപ്പിൽ ചോദിക്കുന്നു.

പ്രതിപക്ഷ നേതാവും ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്റും ഫോണിൽ വിളിച്ചിട്ടും നിഷേധാത്മകമായ നിലപാടു കാണിക്കുന്ന വ്യക്തിയോട് ഇനിയും സന്ധി ചെയ്യേണ്ട ആവശ്യമില്ല. നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ഉണ്ടാക്കി അവിടെ ഇരിക്കുമെന്നു കേരള കോൺഗ്രസ് നേതാക്കൾ പറയുന്നതിൽ നിന്നും വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യം നോക്കിയുള്ള അടവുനയമാണ് അവരുടെ ഉള്ളിലെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രത്യേക ബ്ലോക്കായി ഇരിക്കും എന്നു പറയുന്നവർ ഒന്നോർക്കണം: ആ എംഎൽഎ സ്ഥാനം നിങ്ങളുടെ അധ്വാനം മാത്രമല്ല. കോൺഗ്രസ് പാർട്ടിയിലെ ആയിരക്കണക്കിനു പ്രവർത്തകർ ചോര നീരാക്കി, ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ടത്തിന്റെ ഫലം കൂടിയാണ്.

യുഡിഎഫ് സംവിധാനത്തിൽ കൂടി ജയിച്ചു വന്നവർ ധാർമികത ഉണ്ടെങ്കിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ തുനിയാതെ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. യുഡിഎഫ് വിട്ടു പോകാനുള്ള കെ.എം.മാണിയുടെ തീരുമാനം ചാപിള്ള ആകും എന്ന കാര്യമുറപ്പാണ്. അങ്ങനെ വരുമ്പോൾ വീണ്ടും യുഡിഎഫിലേക്കുതന്നെ മടങ്ങി വരാനും കെ.എം മാണി ശ്രമം നടത്തും, അപ്പോൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചാൽ അതു കോൺഗ്രസിലെ സാധാരണ പ്രവർത്തകർക്കു യാതൊരു കാരണവശാലും ഉൾകൊള്ളാൻ കഴിയില്ല എന്നതു നേതൃത്വം മനസ്സിലാക്കണം. കെ.എം.മാണി യുഡിഎഫ് വിട്ടാലും ഈ തിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയേക്കാൾ വലുതായി ഒന്നും സംഭവിക്കാൻ ഇല്ല. ഇത്തരത്തിൽ തരംതാണ രാഷ്ട്രീയം കളിക്കുന്നവർക്കു വഴങ്ങാതിരിക്കുവാനുള്ള ഇച്ഛാശക്തിയും ആർജ്ജവവും കോൺഗ്രസ് നേതൃത്വം കാണിക്കണമെന്നും മഹേഷ് ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു

NO COMMENTS

LEAVE A REPLY